കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
1576268
Wednesday, July 16, 2025 8:00 AM IST
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം ഇടവകയുടെ കീഴിൽ റോഡരികിൽ സ്ഥാപിച്ച രണ്ട് ഗ്രോട്ടോകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ അക്രമിച്ച് തകർത്ത സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച് പള്ളി കമ്മിറ്റി പോലീസിന് പരാതി നൽകിയിരുന്നു.
ചെമ്പ്ര ടൗണിൽ നിന്നും ആരംഭിച്ച് തീർഥാടന കേന്ദ്രംവരെ പതിനാല് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളിൽ ആറും ഏഴും സ്ഥലത്തെ ഗ്രോട്ടോകളുടെ ചില്ലുകളാണ് തകർത്തത്. ഇതിനുള്ളിൽ എറിഞ്ഞ കല്ലുകളുമുണ്ട്.
ഈ മേഖലയിൽ താമസക്കാർ കുറവായതിനാൽ ചില്ലുകൾ തകർത്തതിന്റെ ശബ്ദം ആരും കേട്ടിട്ടില്ലെന്നാണ് പറയുന്നത്. രാത്രി സമയങ്ങളിൽ ഇതുവഴി നിരവധി ഇരുചക്രവാഹന യാത്രക്കാർ പോകാറുള്ളതായും പറയുന്നുണ്ട്. വർഷങ്ങൾക്കു മുമ്പും ചെമ്പ്ര ടൗണിന് സമീപത്തെ ഗ്രോട്ടോയുടെ ചില്ല് തകർത്ത സംഭവം ഉണ്ടായിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ കെ. ജിതിൻ വാസിന്റെ നേതൃത്വത്തിൽ അഡീഷണൽ സബ് ഇൻസ്പെക്ടർ രജിത്ത് നാഥ്, സീനിയർ പോലീസ് ഓഫീസർ കെ.കെ. സമീർ എന്നിവരാണ് സംഭവസ്ഥലത്ത് പരിശോധന നടത്തിയത്.
അതിക്രമം കാട്ടിയ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്. ഈ പ്രദേശത്ത് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് എകെസിസി
കൂരാച്ചുണ്ട്: കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിലെ ഗ്രോട്ടോകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റി ശക്തമായി അപലപിച്ചു.
കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു. ഓരോ വ്യക്തികളുടെയും വിശ്വാസത്തെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തിൽ സർക്കാർ നീതി പുലർത്തണമെന്നും അഭിപ്രായപ്പെട്ടു. തുടർന്നും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉയരുമെന്നും നേതാക്കൾ അറിയിച്ചു.

കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ, രൂപത ജനറൽ സെക്രട്ടറി ജോൺസൺ കക്കയം, ഫൊറോന വൈസ് പ്രസിഡന്റ് നിമ്മി പൊതിയിട്ടേൽ, കമ്മിറ്റി അംഗം വി.ടി. തോമസ് വെളിയംകുളം, കല്ലാനോട് യൂണിറ്റ് പ്രസിഡന്റ് ദാസ് കാനാട്ട്, ജെയിംസ് കൂരാപ്പിള്ളിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.