ദേശീയ സീനിയർ നെറ്റ് ബോൾ: കേരളത്തിന് വെള്ളി മെഡൽ
1590837
Thursday, September 11, 2025 7:46 AM IST
അങ്ങാടിപ്പുറം: ഹരിയാനയിൽ സമാപിച്ച നാലാമത് ദേശീയ സീനിയർ ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ (പുരുഷ വിഭാഗം) ചാന്പ്യൻഷിപ്പിൽ കേരളത്തിനു വെള്ളി മെഡൽ. വാശിയേറിയ ഫൈനൽ മത്സരത്തിൽ 28-26ന് കേരളം ഹരിയാനയോട് പരാജയപ്പെട്ടു. കേരള ടീമിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് അഖിൽ ആന്റണിയും കെവിൻ എ. ഷാജിയും ജഴ്സിയണിഞ്ഞു.
പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമി താരങ്ങളായ ഇരുവരും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളാണ്. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിലും ഇരുവരും വെള്ളി മെഡൽ നേടിയിരുന്നു. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ കാലായിൽ സാബുവിന്റെയും ഷോബിയുടെയും മകനായ അഖിൽ, തൃശൂർ പൊങ്ങം നൈപുണ്യ ബിസിനസ് സ്കൂളിലെ എംബിഎ വിദ്യാർഥിയാണ്.
ചീരട്ടാമല അറുപതിൽ എ.ടി. ഷാജിയുടെയും പ്രിൻസിയുടെയും മകനായ കെവിൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.