സാക്ഷരതാ വാരാചരണം സമാപിച്ചു
1590833
Thursday, September 11, 2025 7:46 AM IST
മലപ്പുറം: സംസ്ഥാന സർക്കാരും തദ്ദേശ വകുപ്പും സാക്ഷരത മിഷൻ അഥോറിറ്റിയും ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ലോക സാക്ഷരതാ വാരാചരണ ജില്ലാതല സമാപനം സംഘടിപ്പിച്ചു. സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സന്പൂർണ പത്താംതരം തുല്യത പദ്ധതി പഠിതാക്കളുടെ സംഗമവും നടന്നു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, ബ്രെയിൽ തുല്യത പഠിതാക്കളായ നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫണ്ട് ചെക്ക് കൈമാറൽ, ദീപ്തി ബ്രെയിൽ സാക്ഷരത പഠിതാക്കളെയും സെന്റർ കോ ഓർഡിനേറ്റർമാരെയും ആദരിക്കൽ, വായന ദിനാചരണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര വിതരണം, ഒന്‍പതാം ബാച്ച്, പ്ലസ് ടു ജില്ലാതല ക്ലാസ് ഉദ്ഘാടനം എന്നീ പരിപാടികളും നടന്നു. ഹയർസെക്കൻഡറി പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ്‍ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം. ബഷീർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജെയിംസ്, വിജയഭേരി കോ ഓർഡിനേറ്റർ ടി. സലീം, ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ്, സാക്ഷരത മിഷൻ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.