പെരിന്തൽമണ്ണ നഗരസഭ ടൗണ്‍ഹാളിന് മുൻ ചെയർമാന്റെ പേരിടാൻ തീരുമാനം
1574307
Wednesday, July 9, 2025 5:41 AM IST
പെരിന്തൽമണ്ണ: നഗരസഭയുടെ ആധുനിക ടൗണ്‍ഹാളിന് മുൻ ചെയർമാൻ കെ.ടി. നാരായണൻ മാസ്റ്ററുടെ പേര് നൽകാനും ടൗണ്‍ഹാളിന് പുതിയ ഫീസും ബൈലോയും അംഗീകരിക്കാനും നഗരസഭാ കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഹരിത കർമസേനയുടെ വരുമാനവർധനത്തിന് വേണ്ടിയുള്ള ബിസിനസ് ഡെവലപ്മെന്റ് പ്ലാൻ യോഗം അംഗീകരിച്ചു.
മാലിന്യം സംസ്കരിച്ച് നിർമിക്കുന്ന വിൻഡ്രോ വളം, ബ്രാൻഡ് ആക്കി വിപണനം നടത്തും. കെഎസ്ഡബ്ലിയുഎംപിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി ഹരിതകർമസേനയെ സംരംഭകരാക്കും. നഗരസഭയിലെ മൂന്ന് വാർഡുകളിൽ 21 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കൗണ്‍സിൽ യോഗം അംഗീകാരം നൽകി.
പെരിന്തൽമണ്ണ അർബൻ പിഎച്ച്സിയിലും മൂന്ന് യുഎച്ച്ഡബ്ലിയുസികളിലും നിശ്ചിയിക്കപ്പെട്ട സമയങ്ങളിൽ ഡോക്ടറുടെ സേവനം ടെലി കണ്സൾട്ടേഷൻ സംവിധാനത്തിലൂടെ ലഭ്യമാക്കും. നഗരസഭയിൽ പാലിയേറ്റീവ് പ്രവർത്തനത്തിന് മൂന്ന് ആശാ പ്രവർത്തകരെ പുതിയതായി നിയമിക്കും.
എസ്ബിഎം, ഐസി ഫണ്ടുകൾ വിനിയോഗിച്ച് നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ശുചിത്വ സന്ദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ പി.ഷാജി അധ്യക്ഷനായിരുന്നു.