രക്ഷിതാക്കൾക്ക് തലവേദനയായി കുട്ടി ഡ്രൈവർമാർ
1573402
Sunday, July 6, 2025 5:57 AM IST
പരിശോധന കർശനമാക്കി പോലീസ്
മഞ്ചേരി: കൗമാരക്കാർ മോട്ടോർ സൈക്കിളിൽ കറങ്ങി രക്ഷിതാക്കൾക്ക് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കുന്നത് പതിവാകുന്നു. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. എന്നാൽ പതിനെട്ട് വയസ് തികയാതെ വാഹനമോടിച്ചാൽ കുറ്റം ഗുരുതരമാകും.
വാഹനത്തിന്റെ ഉടമക്കും രക്ഷിതാവിനും നിയമത്തിന്റെ നൂലാമാലകളിൽ കറങ്ങാനും പിഴയടക്കാനും മാത്രമേ നേരം കാണൂ. ഇത്തരത്തിൽ വാഹനമോടിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ ജിഒ (പി) നന്പർ 37/2019 പ്രകാരം പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം സ്പെഷൽ ഡ്രൈവിലൂടെ (ഓപറേഷൻ ലാസ്റ്റ് ബെൽ) പരിശോധന കർശനമാക്കിയിരിക്കയാണ് പോലീസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ നിരവധി കുട്ടി ഡ്രൈവർമാർ പിടിയിലായി.
ഹെൽമെറ്റില്ലാതെയും മൂന്ന് പേർ യാത്ര ചെയ്തതും അമിത വേഗതയിൽ ബൈക്കോടിച്ചതിനുമാണ് പിടിയിലായത്. വാഹനത്തിനന്റെ ആർസി ഉടമയെ വിളിച്ചു വരുത്തി പിഴ ഈടാക്കിയും കുട്ടികളെ താക്കീത് നൽകിയും വിട്ടയക്കുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.