പഞ്ചായത്ത് ഭരണസമിതിക്കെതിരേ യുഡിഎഫ് പ്രതിഷേധം
1574097
Tuesday, July 8, 2025 7:47 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് നവീകരിച്ച പഞ്ചായത്ത് ഹാളിന്റെ ഉദ്ഘാടന സമയം പുറത്ത് യുഡിഎഫ് നേതാക്കളുടെ പ്രതിഷേധ സമരം നടന്നു. ജനകീയ പ്രശ്നങ്ങൾ മറന്ന് അഴിമതി മുന്നിൽ കണ്ടാണ് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന പഞ്ചായത്തുഹാൾ മോടി കൂട്ടാൻ 30 ലക്ഷം രൂപ ചെലവഴിച്ചതെന്ന ആക്ഷേപമുന്നയിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതിഷേധം.
കരുവാരകുണ്ട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലേക്കുള്ള റോഡിലൂടെ ഗതാഗത സൗകര്യം ദുസഹമാണെന്നും ഇക്കാര്യം പരിഹരിക്കണമെന്നുമുള്ള ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഇതുപോലുള്ള ജനകീയ പ്രശ്നത്തിന് പരിഹാരം കണ്ടില്ല. പാലിയം ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നതും ഇവിടെയുള്ള കെട്ടിടത്തിലാണ്. ലക്ഷങ്ങൾ മുടക്കി അനാവശ്യ നിർമാണം നടത്തുന്നത് അഴിമതി മുന്നിൽ കണ്ടാണ്. ഇതുപോലുള്ള പ്രവൃത്തികൾക്കാണ് പഞ്ചായത്ത് ഭരണ നേതൃത്വം ശ്രമിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
എൻ.ഉണ്ണീൻകുട്ടി, എം.പി. വിജയകുമാർ, കെ.ഗോപാലകൃഷ്ണൻ, എ.ഹംസ, റഷീദ് കുട്ടത്തി തുടങ്ങിയ നേതാക്കൾ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി. നവീകരിച്ച പഞ്ചായത്ത് ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ നിർവഹിച്ചു. യുഡിഎഫ് അംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.