കാലിക്കട്ടിൽ സിൻഡിക്കറ്റ് യോഗം അലങ്കോലമായി
1574102
Tuesday, July 8, 2025 7:47 AM IST
തേഞ്ഞിപ്പലം: വൈസ് ചാൻസലറും ഇടത് സിൻഡിക്കറ്റ് അംഗങ്ങളും തമ്മിലുള്ള ഭിന്നത മുറുകിയതോടെ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ വീണ്ടും സിൻഡിക്കറ്റ് യോഗം മുടങ്ങി.
പാലക്കാട് വിക്ടോറിയ കോളജിലെ സൈക്കോളജി അവസാന സെമസ്റ്റർ ബിഎസ്സി വിദ്യാർഥിനി ജംഷിയ ഷെറിനെ പ്രൊജക്ടിൽ പുനർമൂല്യനിർണയം നടത്തി വിജയിപ്പിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടത് അംഗങ്ങളുടെ പ്രതിഷേധമാണ് സിൻഡിക്കറ്റ് യോഗം തടസപ്പെടാനിടയാക്കിയത്. വിഷയം അജണ്ടയിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഇടത് അംഗം അഡ്വ. പി.കെ. ഖലീമുദീൻ രംഗത്തുവരികയായിരുന്നു.
വിദ്യാർഥിനിയുടെ പ്രൊജക്ട് റീ അസസ്മെന്റ് നടത്തിയ നടപടികൾ റിപ്പോർട്ടാക്കി അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ അവതരിപ്പിക്കാമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയെങ്കിലും ഇടത് അംഗങ്ങൾ വഴങ്ങിയില്ല. ഇതോടെ രാവിലെ 10 ന് ചേർന്ന യോഗം ഒരൊറ്റ അജണ്ടയും പരിഗണിക്കാതെ ഉച്ചക്ക് 12.30 ഓടെ പിരിച്ചുവിടുകയായിരുന്നു.
യൂണിവേഴ്സിറ്റി ചട്ട പ്രകാരം പ്രൊജക്ടിൽ പുനർമൂല്യനിർണയത്തിന് വ്യവസ്ഥയില്ലെന്നും പരീക്ഷ കണ്ട്രോളറെ മറികടന്ന് വൈസ് ചാൻസലർ പ്രഫ. ഡോ. പി. രവീന്ദ്രൻ പ്രത്യേകം അധ്യാപകരെ നിയോഗിച്ച് പ്രൊജക്ടിൽ പുനർമൂല്യനിർണയം നടത്തി കെഎസ്യു നേതാവ് കൂടിയായ വിദ്യാർഥിയെ വിജയിപ്പിച്ചെന്നും എന്നാൽ ഇക്കാര്യം അജണ്ടയിൽ എവിടെയും ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇടത് അംഗങ്ങളുടെ വാദം.
എന്നാൽ നിയമവിധേയമായി തന്നെയാണ് പുനർമൂല്യനിർണയം നടത്തിയതെന്നും വിസി എന്ന നിലയിൽ വിവേചനാധികാര പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നുമുള്ള നിലപാടിനെ ഇടത് അംഗങ്ങൾ എതിർത്തു. പ്രൊജക്ടിന് മാർക്ക് മനപൂർവം കുറച്ച് അധ്യാപിക രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വിദ്യാർഥിയെ തോൽപ്പിക്കുകയായിരുന്നുവെന്നും ഈ വിദ്യാർഥിക്ക് വിസി നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്ന് സിൻഡിക്കറ്റിലെ പ്രതിപക്ഷ അംഗങ്ങൾ പ്രതികരിച്ചു.
വിസി നടപടിക്രമങ്ങൾ കാറ്റിൽ പറത്തി : സിൻഡിക്കറ്റ് അംഗം
തേഞ്ഞിപ്പലം: യൂണിവേഴ്സിറ്റി പരീക്ഷകളുടെ രഹസ്യസ്വഭാവവും നടപടിക്രമങ്ങളുമെല്ലാം കാറ്റിൽ പറത്തിയാണ് വിസി അധ്യാപകരെ സ്വയം നിർണയിച്ച് വിദ്യാർഥിനിയെ വിജയിപ്പിച്ചതെന്ന് ഇടത് സിൻഡിക്കറ്റംഗം അഡ്വ. പി.കെ. ഖലീമുദീൻ. നിലവിൽ യൂണിവേഴ്സിറ്റി നിയമപ്രകാരം പ്രൊജക്ടിന് പുനർമൂല്യനിർണയമില്ല. അടുത്ത വർഷം ജൂണിയർ ബാച്ചിനോടപ്പം പുനർസമർപ്പണം നടത്തുകയാണ് വേണ്ടത്. ഇതിന് വിരുദ്ധമായി വിദ്യാർഥി കൊടുത്ത പരാതി സിൻഡിക്കറ്റിലോ വിദ്യാർഥി പ്രശ്ന പരിഹാര സമിതിയിലോ വയ്ക്കാതെ, രണ്ട് അധ്യാപകരെ വിസി തന്നെ തീരുമാനിച്ച് ഇവരെ കൊണ്ട് പുനർമൂല്യനിർണയം നടത്തിക്കാൻ നിർദേശം നൽകുകയായിരുന്നു.
നിലവിൽ വിദ്യാർഥിക്ക് ലഭിച്ച മാർക്കിന്റെ 300 ശതമാനമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരക്കടലാസുകളിൽ 30 ശതമാനത്തിലേറെ വർധനവുണ്ടായാൽ വീണ്ടും പുനർമൂല്യനിർണയം നടത്തണമെന്ന നിയമവും നിലവിലുണ്ടെന്നും സിൻഡിക്കറ്റംഗം പറഞ്ഞു.
പ്രൊജക്ട് മൂല്യനിർണയം നിയമപരമായി : വിസി
തേഞ്ഞിപ്പലം: എല്ലാ പേപ്പറുകളിലും ഉയർന്ന മാർക്ക് നേടിയ സൈക്കോളജി അവസാന സെമസ്റ്റർ ബിഎസ്സി വിദ്യാർഥിനിയുടെ പരാതിയിൽ പ്രൊജക്ടിൽ പുനർമൂല്യനിർണയം നടത്തിയത് നിയമപരമായിട്ടാണെന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ.
എല്ലാ പേപ്പറിലും ജയിച്ച ജംഷിയ ഷെറിൻ പ്രൊജക്ടിൽ തന്നെ പ്രത്യേക ലക്ഷ്യം വച്ച് തോല്പിച്ചുവെന്നും വിഷയം അന്വേഷിച്ച് നീതിപൂർവകമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി പരിശോധിച്ചാണ് പുനർമൂല്യനിർണയത്തിന് മുതിർന്ന സൈക്കോളജി അധ്യാപകരെ നിയോഗിച്ചത്. കൂടുതൽ മാർക്കിന് അർഹതയുണ്ടെന്ന് രണ്ട് മുതിർന്ന അധ്യാപകരും പരീക്ഷാ കണ്ട്രോളർ മുഖേന രേഖാമൂലം വിസിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് ചെയർമാനോട് പ്രൊജക്ട് വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രൊജക്ട് പരിശോധിച്ച പരീക്ഷ ബോർഡ് ചെയർമാൻ പ്രൊജക്ടിന് കൂടുതൽ മാർക്കിന് വിദ്യാർഥിനിക്ക് അർഹതയുണ്ടെന്ന് പരീക്ഷാ കണ്ട്രോളർക്ക് റിപ്പോർട്ട് നൽകി. ഈ മാർക്ക് അന്തിമമായി പരിഗണിക്കണമെന്ന് സർവകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് പ്രൊജക്ടിൽ ചെയർമാൻ നൽകിയ അന്തിമ മാർക്ക് പ്രകാരമാണ് വിദ്യാർഥിനി വിജയിച്ചതെന്നാണ് വിസിയുടെ ഓഫീസ് പറയുന്നത്.