എസ്ബിഐ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: 12 പരാതികളിൽ 20,08,747 രൂപ നഷ്ടപരിഹാരം
1574095
Tuesday, July 8, 2025 7:47 AM IST
മലപ്പുറം: എസ്ബിഐ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകേസുകളിലെ 12 പരാതികളിൽ ഉപഭോക്തൃ കമ്മീഷൻ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ചു. എസ്ബിഐ ക്രഡിറ്റ് കാർഡ് ഉടമകളായ പന്ത്രണ്ട് പേർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി.
ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് ലഭിക്കാൻ അർഹതയുള്ളവരാണെന്നും ബാങ്കിൽ വരണമെന്നുമുള്ള നിരന്തരമായ വിളിയെ തുടർന്ന് ക്രഡിറ്റ് കാർഡ് ആവശ്യമില്ലാത്തവർ പോലും ക്രെഡിറ്റ് കാർഡിനായി ബാങ്കിലെത്തി കാർഡ് എടുത്തു. തുടർന്ന് കാർഡ് ആവശ്യമില്ല എന്ന് തോന്നിയവരും ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലൂടെ അധികമായി പണം പോകുന്നു എന്ന് തോന്നിയവരും കാർഡ് കാൻസൽ ചെയ്തു.
തുടർന്നും പരാതിക്കാരുടെ അക്കൗണ്ടിൽ നിന്ന് പരാതിക്കാർ അറിയാതെ പണം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് ക്രെഡിറ്റ് കാർഡ് ജീവനക്കാരനായി പ്രവർത്തിച്ചയാൾ നിരവധി പേരുടെ കാർഡ് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതായി മനസിലാക്കിയത്.
തുടർന്ന് പരാതിക്കാർ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി. അന്യായമായി അക്കൗണ്ടിൽ നിന്ന് എടുത്തു പറ്റിയ തുക തിരിച്ചു നൽകണമെന്നും പരാതിക്കാർ ഉപയോഗിച്ചിട്ടില്ലാത്ത കാർഡിന്റെ പേരിൽ പണം അടയ്ക്കാൻ പരാതിക്കാർക്ക് ബാധ്യതയില്ലെന്നും ഉചിതമായ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ ആറ് പരാതികൾ ശരിയെന്ന് കണ്ടെത്തി പരിഹരിക്കാൻ തീരുമാനിച്ചു. ശേഷിക്കുന്ന മുപ്പത്തിനാല് പരാതികളിൽ പരാതിക്കാരുടെ വീഴ്ചയാണ് പണം നഷ്ടപെട്ടതെന്നതിനാൽ പരിഹരിക്കാനായില്ലെന്നും ബോധിപ്പിച്ചു. എസ്ബിഐ കാർഡ്സും എസ്ബിഐയും രണ്ടു കന്പനികളാണെങ്കിലും ഒരേ കാര്യത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്നവരാണെന്ന് കമ്മീഷൻ കണ്ടെത്തി.
ബാങ്കിൽ നിന്ന് നഷ്ടപെട്ട പണവും നഷ്ടപരിഹാരവും കോടതി ചെലവുമായി 20,08,747 രൂപ പരാതിക്കാർക്ക് 45 ദിവസത്തിനകം നൽകണമെന്നും വീഴ്ച വന്നാൽ വിധിസംഖ്യക്ക് ഒന്പത് ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും മെന്പർമാരായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചു. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ കെ.എം. കൃഷ്ണകുമാർ, സൈനുൽ ആബിദീൻ കുഞ്ഞിതങ്ങൾ, അഭിലാഷ്, ബീനാ ജോസഫ് എന്നിവർ ഹാജരായി.