ഓഡിറ്റ് റിപ്പോർട്ട്: മഞ്ചേരി നഗരസഭക്ക് അംഗീകാരം ലഭിച്ചത് 1032 പദ്ധതികൾക്ക്, നടപ്പാക്കിയത് 327 മാത്രം
1574093
Tuesday, July 8, 2025 7:47 AM IST
മഞ്ചേരി: നഗരസഭയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി സർക്കാർ അനുവദിച്ച ഫണ്ടുകളിൽ സിംഹഭാഗവും ലാപ്സായതായി ഓഡിറ്റ് റിപ്പോർട്ട്. 1032 പദ്ധതികൾക്ക് അംഗീകാരം നൽകിയതിൽ കേവലം 327 പദ്ധതികൾ മാത്രമാണ് നടപ്പായത്. 2023-24 സാന്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലെ മാത്രം കണക്കാണിത്. പ്ലാൻഫണ്ടിൽ 18 കോടി രൂപയോളം ലഭിച്ചു.
എന്നാൽ ചെലവഴിച്ചത് 8.76 കോടി രൂപ മാത്രം. 9,67,13,615 രൂപ ഇത്തരത്തിൽ ലാപ്സായതായാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. 2025 മാർച്ച് 20ന് വന്ന റിപ്പോർട്ട് നാളിതുവരെ കൗണ്‍സിൽ ചർച്ച ചെയ്തില്ലെന്നാണ് മറ്റൊരു വസ്തുത. ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ഒരു മാസത്തിനകം പ്രത്യേക കൗണ്‍സിൽ ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നുമാണ് നിയമം.
ഓഡിറ്റ് റിപ്പോർട്ടിലെ ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനായി കൗണ്‍സിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വാർഡ് സഭാ യോഗത്തിൽ വിശദീകരിക്കണമെന്നും പൊതുജനങ്ങളുടെ അറിവിലേക്കായി നഗരസഭയുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും നിഷ്കർഷയുണ്ട്. എന്നാൽ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല.
തനത് ഫണ്ടിന്റെ കാര്യത്തിലും നഗരസഭ അലംഭാവം കാണിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നികുതി, നികുതിയേതര വരുമാനങ്ങൾ പിരിച്ചെടുക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടു. 14 കോടി രൂപയോളമാണ് കുടിശികയുള്ളത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക പിരിക്കുന്നതിലും വീഴ്ച വരുത്തി. കൃത്യമായി രജിസ്റ്ററുകൾ സൂക്ഷിക്കുകയോ വിശകലനം നടത്തുകയോ ചെയ്യുന്നതായും കാണുന്നില്ല.
സുപ്രധാന വിഷയങ്ങൾ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വിശകലനം ചെയ്യണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. നികുതി, നികുതിയേതര വരുമാനം അന്‍പതു ശതമാനമെങ്കിലും പിരിച്ചെടുക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ കേന്ദ്ര ഫിനാൻസ് കമ്മീഷന്റെ ഫണ്ട് മഞ്ചേരി നഗരസഭക്ക് ലഭിച്ചില്ല. ഈയിനത്തിൽ പത്തുകോടി രൂപയാണ് നഗരസഭക്ക് ലഭിക്കാതെ പോയത്. 2022-23 ലും സമാനമായ ഓഡിറ്റ് റിപ്പോർട്ടായിരുന്നു വന്നിരുന്നത്. അന്ന് അപാകതകൾ ആവർത്തിക്കില്ലെന്നായിരുന്നു മറുപടി നൽകിയിരുന്നത്.
നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരേ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഇതിന്റെ മുന്നോടിയായി വെള്ളിയാഴ്ച നഗരസഭാ കാര്യാലയത്തിലേക്ക് ബഹുജന മാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിക്കുമെന്നും എൽഡിഎഫ് കൗണ്‍സിലർമാരായ മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, സി.പി. അബ്ദുൾ കരീം, അഡ്വ. കെ.വി. പ്രേമാരാജീവ്, കെ.ടി. മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.