കാർപോർച്ചിൽ കാട്ടാന, കൃഷിയും നിശിപ്പിച്ചു നിലന്പൂരിൽ കാട്ടാനകളുടെ പരാക്രമം നിത്യസംഭവം
1573753
Monday, July 7, 2025 5:28 AM IST
നിലന്പൂർ: നിലന്പൂർ മേഖലയിൽ കാട്ടാനകളുടെ പരാക്രമം നിത്യസംഭവമാകുന്നു. നിലന്പൂർ ചാരംകുളത്ത് വീടിന്റെ കാർ പോർച്ചിൽ വരെ കാട്ടാനയെത്തി. ചാരംകുളത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു. വീട്ടുമുറ്റത്തെ കാർ പോർച്ചിൽ എത്തിയ കാട്ടാനയെ വീട്ടുകാർ ബഹളം വച്ചാണ് ഓടിച്ചത്. ചാരംകുളം പുത്തൻപള്ളിൽ ഗോപാലകൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന വൻതോതിൽ കൃഷി നശിപ്പിച്ചു. നൂറിലേറെ കപ്പയും അത്ര തന്നെ വാഴയും നശിപ്പിച്ചു.
ഇന്നലെ പുലർച്ചെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോൾ കാർ പോർച്ചിൽ നിൽക്കുന്ന കാട്ടാനയെയാണ് കണ്ടതെന്ന് രാധാകൃഷ്ണൻ പറയുന്നു. നിലന്പൂർ ജവഹർ നഗർ ഭാഗത്ത് നിന്ന് വെളിയംതോട് ഭാഗത്ത് കൂടി റോഡ് മുറിച്ച് കടന്നാണ് കാട്ടാനകൾ ചാരംകുളം ഭാഗത്തേക്ക് എത്തുന്നത്.
വനംവകുപ്പിന്റെ സോളാർ വൈദ്യുതി വേലി ഇല്ലാത്ത ഭാഗത്ത് കൂടിയാണ് കാട്ടാനകൾ പ്രവേശിക്കുന്നത്. ജനസാന്ദ്രമായ ചാരംകുളം ഭാഗത്ത് വീട്ടുമുറ്റങ്ങളിലേക്ക് കാട്ടാനകൾ എത്തുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.