മുണ്ടപ്പാടത്തും മൈലാടിപൊട്ടിയിലും കാട്ടാന കൃഷി നശിപ്പിച്ചു
1574096
Tuesday, July 8, 2025 7:47 AM IST
നിലന്പൂർ: ചുങ്കത്തറ മുണ്ടപ്പാടത്തും ചാലിയാർ മൈലാടിപൊട്ടിയിലും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പെരുന്പത്തൂർ സ്വദേശി മുല്ലേരി സുബ്രഹ്മണ്യന്റെ മുണ്ടപ്പാടത്തെ കൃഷിയിടത്തിൽ കാട്ടാന ഇന്നലെ പുലർച്ചെയാണ് വൻതോതിൽ കൃഷി നശിപ്പിച്ചത്.
നൂറിലേറെ നേന്ത്രവാഴകളാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇതേ കൃഷിയിടത്തിലെത്തി കാട്ടാന കൃഷി നശിപ്പിച്ചിരുന്നു. നിലന്പൂർ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. നെല്ല്, തെങ്ങ്, കമുക്, വാഴ കൃഷികളാണ് നശിപ്പിക്കുന്നത്. നിലന്പൂർ മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങാത്ത ദിവസമില്ല. മൈലാടിപൊട്ടിയിലെ തൈപറന്പിൽ ബിനുവിന്റെ വീടിന്റെ മതിലിനോട് ചേർന്ന കൃഷിയും ആനകൾ നശിപ്പിച്ചു. വാഴകൾ മതിലിലേക്കാണ് വീണുകിടക്കുന്നത്.