പ്രളയ ബാധിതർക്ക് ഭൂരേഖ നൽകിയില്ല ; ആദിവാസി കുടുംബങ്ങൾ ഡിഎഫ്ഒയെ ഉപരോധിച്ചു
1574101
Tuesday, July 8, 2025 7:47 AM IST
നിലന്പൂർ: ഭൂരേഖ നൽകാത്തതിൽ പ്രതിഷേധിച്ച് ആദിവാസികൾ നടത്തിയ ഡിഎഫ്ഒ ഓഫീസ് ഉപരോധം ഫലം കണ്ടു. ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ലെവൽ കമ്മിറ്റി (ഡിഎൽസി) ഇതേക്കുറിച്ച് തീരുമാനമെടുക്കും.
2019 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ആറ് വർഷമായിട്ടും വനാവകാശ നിയമപ്രകാരം നൽകേണ്ട ഭൂമിയുടെ രേഖ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ 11 മുതൽ രാത്രി ഏഴ് വരെ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലിനെ കരുളായി ഉൾവനത്തിലെ മുണ്ടക്കടവ്, ചേന്പൻകൊല്ലി നഗറുകളിലെ 37 കുടുംബങ്ങൾ ഉപരോധിച്ചത്.
വൈകുന്നേരം ആറുമണിയോടെ കളക്ടറുടെ നിർദേശ പ്രകാരം ഡിഎഫ്ഒ ഓഫീസിലെത്തിയ ലാൻഡ് റവന്യു വിഭാഗം തഹസിൽദാർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഡിഎഫ്ഒ ധനിക് ലാൽ, ലാൻഡ് റവന്യു വിഭാഗം തഹസിൽദാർ വിനോദ് കുമാർ, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫീസർ സി. ഇസ്മായിൽ എന്നിവർ കളക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് എഴുതി രേഖാമൂലം നൽകിയതോടെ സമരം അവസാനിപ്പിച്ചതായി സമരക്കാർ അറിയിച്ചു. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയുടെ രേഖ നൽകാതെ ഡിഎഫ്ഒ തങ്ങളെ പ്രയാസപ്പെടുത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആദിവാസികളുടെസമരം.
2019 ലെ പ്രളയത്തിൽ കരുളായി ഉൾവനത്തിലെ മുണ്ടക്കടവ്, ചേന്പൻകൊല്ലി നഗറുകളിലെ 53 കുടുംബങ്ങൾക്കാണ് വീടും സ്ഥലവും നഷ്ടമായത്. പകരമായി 2005 - 06 ലെ വനാവകാശ നിയമപ്രകാരം ഭൂമി നൽകാൻ തീരുമാനിക്കുകയും വനത്തിനുള്ളിൽ വാസയോഗ്യമായ ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിനായി 100 ഏക്കർ സ്ഥലം മാറ്റിവച്ചിട്ടുണ്ട്. ഇതുപ്രകാരം അപേക്ഷ നൽകിയ 53 പേരിൽ 16 പേർക്ക് ഭൂരേഖ ഒപ്പിട്ട് നൽകിയിട്ടുണ്ട്. ബാക്കി 37 അപേക്ഷകർക്ക് ഭൂരേഖ ഒപ്പിട്ട് നൽകാൻ കഴിയില്ലെന്നാണ് ഡിഎഫ്ഒ പറയുന്നത്. ഇതിൽ 28 പേരും ഭൂരേഖ ലഭിച്ച 16 പേരും ഉൾപ്പെടെ 44 പേർ എല്ലാ രേഖകളും നൽകിയിട്ടുണ്ട്. ഒന്പത് കുടുംബങ്ങളുടെ അപക്ഷകൾ സങ്കേതിക കാരണങ്ങൾ പറഞ്ഞ് മാറ്റിവച്ചിട്ടുമുണ്ട്. 2005-06 ൽ നിലവിൽ വന്ന വനാവകാശ നിയമപ്രകാരം 2005-06 ൽ 18 വയസ് പൂർത്തിയായവർക്ക് മാത്രമാണ് അപേക്ഷ നൽകാൻ അർഹതയെന്നും ഡിഎഫ്ഒ പറഞ്ഞു. എന്നാൽ വനം വകുപ്പിന്റെ മെല്ലെപോക്ക് മൂലമാണ് തങ്ങൾക്ക് ഭൂരേഖ ലഭിക്കാത്തതെന്നാണ് ആദിവാസി കുടുംബങ്ങൾ പറയുന്നത്.
വനാവകാശ നിയമപ്രകാരം പ്രളയ ബാധിതർക്ക് ഭൂമി നൽകാൻ 2023 ഓഗസ്റ്റിൽ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ആറ് മാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ രണ്ട് വർഷമായിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഇതേ തുടർന്നാണ് ഇന്നലെ രാവിലെ 11ന് ആദിവാസി കുടുംബങ്ങൾ കാടിറങ്ങിയെത്തി നിലന്പൂർ സൗത്ത് ഡിഎഫ്ഒയുടെ ഓഫീസിൽ ഉപരോധ സമരം തുടങ്ങിയത്. ആറ് വർഷമായി താൽക്കാലിക പ്ലാസ്റ്റിക്ക് ഷെഡുകളിലാണ് വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്ത് ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. നിലന്പൂർ സിഐ സുനിൽ പുളിക്കൽ, അഡ്വ. അശോക് കുമാർ, കരുളായി ഗ്രാമപഞ്ചായത്തംഗം അബ്ദുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.