അങ്ങാടിപ്പുറത്ത് വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
1573398
Sunday, July 6, 2025 5:57 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെ മുതൽ ഇരുചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടും.
പാലക്കാട്-മണ്ണാർക്കാട് ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ പൊന്ന്യാകുർശി ഷിഫ കണ്വൻഷൻ സെന്റർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചില്ലീസ് ജംഗ്ഷൻ മാനത്തുമംഗലം-പട്ടിക്കാട് -മുള്ള്യാകുർശി- ഓരാടംപാലം വഴി ഹൈവേയിൽ പ്രവേശിക്കണം. പട്ടാന്പി റോഡിൽ നിന്നും തൂത റോഡിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ചീരട്ടമല പരിയാപുരം വഴി ഹൈവേയിൽ പ്രവേശിക്കണം.
കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ ഓരാടംപാലത്ത് നിന്നും മുള്ള്യാകുർശി-പട്ടിക്കാട്-ചില്ലീസ് ജംഗ്ഷൻ-മാനത്തുമംഗലം-ഷിഫാ കണ്വൻഷൻ സെന്റർ ജംഗ്ഷൻ വഴി ഹൈവേയിൽ പ്രവേശിക്കണം.
പരിയാപുരം റോഡിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഇടതുവശം തിരിഞ്ഞ് വളാഞ്ചേരി റോഡിൽ പ്രവേശിച്ച് യൂടേണ് എടുത്ത് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ബസുകൾക്ക് അനുമതി നൽകുന്ന കാര്യം ഉടനെ തീരുമാനിക്കും.
കൂടാതെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുന്നിലുള്ള ബസ് സ്റ്റോപ്പ് പെരിന്തൽമണ്ണ ഭാഗത്തേക്ക് 100 മീറ്റർ മാറ്റി സ്ഥാപിക്കും. ട്രാഫിക് തുറന്നുകൊടുക്കുന്ന അവസരത്തിൽ ഭാരം കൂടിയ ചരക്ക് വാഹനങ്ങൾക്ക് അങ്ങാടിപ്പുറം പാലത്തിലൂടെ രാവിലെ 8.30 മുതൽ 10.30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെയും പ്രവേശനം നിരോധിച്ചെന്നും കളക്ടർ അറിയിച്ചു.