പിതാവിന്റെ ഓർമക്കായി കുട്ടശേരി സ്കൂളിന് മകന്റെ കൈതാങ്ങ്
1573755
Monday, July 7, 2025 5:28 AM IST
മഞ്ചേരി: പിതാവിന്റെ ഓർമക്കായി കുട്ടശേരി എഎംഎൽപി സ്കൂളിന് സാന്പത്തിക സഹായം നൽകി മകൻ. നൂറ് വർഷം മുന്‍പ് കുട്ടശേരിയിൽ സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുകയും കുട്ടശേരിയിലും സമീപ പ്രദേശങ്ങളിലുമായി ആറോളം വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്ത കമ്മുണ്ണി മുസ്ലിയാരുടെ ഓർമയ്ക്കായാണ് മകൻ മുഹമ്മദ് സ്കൂളിന് സഹായം നൽകിയത്. തുക ഉപയോഗിച്ച് പിതാവിന്റെ പേരിൽ ലൈബ്രറി ആരംഭിക്കണമെന്നാണ് മകന്റെ ആഗ്രഹം.
നൂറ്റാണ്ടിന് മുന്‍പേ വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ് നാട്ടുകാരെ അറിവ് നേടാൻ പ്രോത്സാഹിപ്പിച്ച പണ്ഡിതനായിരുന്നു കമ്മുണ്ണി മുസ്ലിയാർ. പിതാവിന്റെ പാതയിൽ തന്നെ മകനും എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായി. ഫാറൂഖ് കോളജിന് സമീപം കുട്ടശേരി ഹൗസ് എന്ന തന്റെ ഭവനത്തിൽ വിശ്രമജീവിതം നയിക്കുന്ന പ്രഫ. പി. മുഹമ്മദ് അനാരോഗ്യം കാരണം സ്കൂൾ അധികൃതരെ വീട്ടിലേക്ക് വിളിപ്പിച്ചാണ് തന്റെ ആഗ്രഹം അറിയിച്ചത്.
പ്രധാനാധ്യാപകൻ ജോണ്‍ വർഗീസ്, പിടിഎ പ്രസിഡന്റ് സി.കെ. അബ്ദുൾറഫീഖ്, മുൻ പിടിഎ പ്രസിഡന്റ് ഹസൻ ദാരിമി, പി. അയ്മൻ ശൗഖി, പി. ബാസിമ, പി. ഹന, മാനേജർ അബ്ദുസലാം ചെറുകാട്, സീനിയർ അധ്യാപകനായ സി. അബ്ദുൾ ജലീൽ, സി. ഷിഫാസ് എന്നിവർ വീട്ടിലെത്തുകയായിരുന്നു.
നൂറ്റാണ്ട് മുന്‍പത്തെ പ്രദേശത്തിന്റെ സാന്പത്തിക, മത ഭൗതിക വിദ്യാഭ്യാസ അവസ്ഥയും ഗതാഗത മാർഗവും പങ്കുവച്ച അദ്ദേഹവും ഭാര്യ എൻ.വി. ആസിയയും ചേർന്നാണ് തുക കൈമാറിയത്.