വീട്ടുമുറ്റത്തും കാട്ടാന : പാത്തിപ്പാറയിലും ഏനാന്തിയിലും വൻതോതിൽ കൃഷി നശിപ്പിച്ചു
1574294
Wednesday, July 9, 2025 5:37 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭാ പരിധിയിലും കാട്ടാനകളുടെ പരാക്രമം. നഗരസഭയുടെ പാത്തിപ്പാറ, ഏനാന്തി മേഖലകളിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലാണ് ഇന്നലെ പുലർച്ചെ കാട്ടാനയെത്തിയത്. ഏനാന്തിയിൽ മൂച്ചിക്കൽ ചെറിയാപ്പു, പാത്തിപ്പാറയിൽ കുഞ്ഞുമോൻ, തൊണ്ടിയിൽ ജോയി, രാജു എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, കമുക്, തെങ്ങ്, കൃഷികൾ വ്യാപകമായി നശിപ്പിച്ച ശേഷമാണ് കാട്ടാന പാത്തിപ്പാറയിലേക്ക് എത്തിയത്.
ഇവിടെ വാഴയിൽ ജോയി, വാഴയിൽ ലിജു എന്നിവരുടെ വീട്ടുമുറ്റത്തേക്കാണ് ആദ്യം കാട്ടാന എത്തിയത്. പുറത്ത് ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കുന്പോഴാണ് വീട്ടുമുറ്റത്ത് കാട്ടാനയെ കണ്ടതെന്ന് ഇവർ പറയുന്നു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന പാത്തിപ്പാറയിലേക്കും ഏനാന്തിയിലേക്കും കരിന്പുഴ മുറിച്ചു കടന്നാണ് കാട്ടാനകൾ എത്തുന്നത്. റോബിൻ കാക്കുഴിയുടെ കൃഷിയിടത്തിലെ സംരക്ഷണവേലിയും കൃഷിയും നശിപ്പിച്ചു. രാജു കീച്ചേരിയുടെ വാഴ കൃഷിയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കൃഷി നശിപ്പിക്കുന്നതിനൊപ്പം വീട്ടുമുറ്റങ്ങളിലേക്കും എത്തുന്ന കാട്ടാനകൾ ഈ ഭാഗത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണ്.
നിലന്പൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ കർഷക കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളാണ് പാത്തിപ്പാറയും ഏനാന്തിയും. ജലസേചന സൗകര്യത്തിനായി നിർമിച്ച കനാലുകൾ, പൈപ്പുകൾ എല്ലാം നശിപ്പിക്കുകയാണ് കാട്ടാനകൾ. ജനങ്ങൾ വിവരം അറിയിക്കുന്പോൾ വനപാലകർ വന്ന് പോകുന്നതല്ലാതെ ഒരു പരിഹാരമാർഗവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
രാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളുടെ മുന്നിലേക്ക് കാട്ടാനകൾ എത്തുന്നതും ആശങ്ക സൃഷ്ടിക്കുന്നു. നിലന്പൂർ നഗരത്തിലേക്ക് ഉൾപ്പെടെ കാട്ടാനകൾ എത്തിയതോടെ വന്യമൃഗഭീഷണി ശക്തമായിരിക്കുകയാണ്. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ പ്രസ്താവന നടത്തുകയും പരസ്പരം പഴിചാരുകയുമല്ലാതെ വനം വകുപ്പിനെ കൊണ്ട് നടപടി എടുപ്പിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് വന്യമൃഗ ശല്യം ചർച്ചയാക്കുകയല്ലാതെ പിന്നീട് കാര്യമായ ഇടപ്പെടൽ നടത്താത്തതാണ് ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുന്നത്.
കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതിന് ഞങ്ങൾ എന്ത് ചെയ്യാനാ എന്ന ചോദ്യമാണ് വനപാലകർ തിരിച്ച് ചോദിക്കുന്നത്. ജില്ലയിലെ വനംവകുപ്പിന്റെ പ്രധാന കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത് നിലന്പൂർ നഗരസഭയുടെ ഹൃദയ ഭാഗത്താണ്. ദിവസവും വന്യജീവി ഭീഷണി നേരിടുകയാണ് നിലന്പൂർ മേഖല.