കെട്ടിടത്തിൽനിന്നു വീണു മരിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു
1482791
Thursday, November 28, 2024 7:11 AM IST
തിരുവനന്തപുരം: പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ച നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയാണെന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചു മടങ്ങിയെത്തിയ കുട്ടിയുടെ ബന്ധുക്കൾ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനേയും കുടുംബം സന്ദർശിച്ചു. അനുഭാവ പൂർണമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുട്ടിയുടെ പിതാവ് സജീവൻ പിന്നീടു മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
സർക്കാരിന്റെ ഭാഗത്തു നിന്ന നല്ല പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളജ് അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ ആരോഗ്യ സർവകലാശാലയുടെ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പു നൽകി.
പത്തനംതിട്ട ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു വീണാണ് കുട്ടി മരിച്ചത്. ചുട്ടിപ്പാറ സീപാസ് നഴ് സിംഗ് കോളജിലെ നാലാം വർഷ ബിഎസ്്സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെ മകൾ അമ്മു എ സജീവ്.