വളർത്തുനായയെ രക്ഷിക്കാനിറങ്ങിയ വയോധികൻ കിണറ്റിനുള്ളിൽ അകപ്പെട്ടു
1483081
Friday, November 29, 2024 7:49 AM IST
വിഴിഞ്ഞം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വളർത്തു നായയെ പുറത്തെടുക്കാൻ ഇറങ്ങിയ വയോധികൻ കിണറ്റിനുള്ളിൽ അകപ്പെട്ടു. തളർന്ന് അവശനായ വയോധികനെ പിന്നീട് വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ ര ക്ഷിച്ചു പുറത്തെത്തിച്ചു.
വിഴിഞ്ഞം മുക്കോല നെല്ലിവിള നെല്ലിയിൽ തങ്കപ്പൻ (72) നെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. കൈവരിയിലൂടെ നായ കിണറ്റിൽ വീണതുകണ്ട തങ്കപ്പൻ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ താഴെ ഇറങ്ങുകയായിരുന്നു. നായയെ രക്ഷിച്ചു കരയിൽ കയറ്റിയെങ്കിലും ഉടമസ്ഥനു കരയിൽ കയറാനായില്ല.
നാട്ടുകാർ ഇട്ടു കൊടുത്ത വടത്തിൽ തൂങ്ങി മുകളിലേക്കു കയറാൻ ശ്രമം നടത്തുന്നതിനിടയിൽ കിണറിന്റെ കൈവരിക്ക് ബലക്ഷയമുണ്ടായി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായതോടെ നാട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടി. സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ,
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ ബിജു, ഷിജു, സനൽകുമാർ, വിജയകുമാർ, ഹരികൃഷ്ണൻ, ഡ്രൈവർ ബിജു, ഹോം ഗാർഡുമാരായ സ്റ്റീഫൻ, സദാശിവൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വലയുടെ സഹായത്തോടെ വയോധിക നെ പുറത്തെടുത്തു വിഴിഞ്ഞം ഗവ. ആശുപത്രിയിലെത്തിച്ചു.