ആരു നേടും : കിളിമാനൂരിനെ അട്ടിമറിച്ച് തിരുവനന്തപുരം നോര്‍ത്ത്
1483066
Friday, November 29, 2024 7:29 AM IST
നെയ്യാറ്റിന്‍കര: നാല് രാപകലുകള്‍ നെയ്യാറ്റിന്‍കരയെ കലയുടെ പൂര നഗരിയാക്കിയ ജില്ലാ കലോത്സവം സമാപനദിനത്തിലേക്ക് കടക്കുമ്പോഴും ചാമ്പ്യന്‍ പട്ടം ആര് സ്വന്തമാക്കുമെന്ന കാര്യത്തില്‍ അവ്യക്തത.
ആദ്യ മൂന്നു ദിനങ്ങളിലും മുന്നിട്ടു നിന്ന കിളിമാനൂര്‍ ഉപജില്ലയെ അട്ടിമറിച്ച് ഇന്നലെ തിരുവനന്തപുരം നോര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതായി പിടിച്ചു. മത്സരങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയായതോടെ ആരാകും കിരീട ജേതാവ് എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇന്നലെ രാത്രി ഒന്‍പത് വരെയുള്ള കണക്കുകള്‍ പ്രകാരം ഓവറോള്‍ ചാമ്പ്യന്‍പട്ടത്തിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന തിരുവനന്തപുരം നോര്‍ത്ത് 790 പോയിന്റാണ് സ്വന്തമാക്കിയിട്ടുള്ളത്.
783 പോയിന്റുമായി തിരുവനന്തപുരം സൗത്തും 780 പോയിന്റുമായി കിളിമാനൂരും തൊട്ടുപിന്നില്‍ പോരാട്ടം കടുപ്പിക്കുന്നു. ആറ്റിങ്ങല്‍ (758), പാലോട് (694) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. രാത്രി വൈകിയും മത്സരങ്ങള്‍ തുടരുന്നതിനാല്‍ ഇന്ന് രാവിലെയോടെ മാത്രമേ ഓവറോള്‍ ചാമ്പ്യന്‍ ആരാകുമെന്നതില്‍ വ്യക്തതയാകൂ.
സ്കൂളുകളില്‍ 230 പോയിന്റുമായി വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് സ്കൂളുകളുടെ വിഭാഗത്തില്‍ മുന്നില്‍. ആദ്യ ദിനം മുതല്‍ തുടര്‍ന്ന ലീഡ് കാര്‍മല്‍ സ്കൂള്‍ നാലം ദിവസവും നിലനിര്‍ത്തുകയായിരുന്നു. കെവിഎച്ച്എസ് (194), കടുവയില്‍ കെടിസിടി ഇഎം എച്ച്എസ്എസ് (177) സ്കൂളുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കലാമേളയുടെ അവസാനദിനമായ ഇന്നലെ കാണികളുടെ ശ്രദ്ധ നേടിയത് ഗോത്രകലകളിലെ മത്സരങ്ങളായിരുന്നു. കലോത്സവത്തില്‍ ആദ്യമായി അരങ്ങേറിയ ഗോത്രകലാരൂപങ്ങള്‍ നിറഞ്ഞ സദസിനുമുന്നിലാണ് അവതരിപ്പിച്ചത്.
മോഹിനിയാട്ടവും സംഘനൃത്തവും ഒപ്പനയും മാര്‍ഗംകളിയും ചവിട്ടുനാടകവുമടക്കം ഗ്ലാമര്‍ മത്സരങ്ങളുടെ ദിനമായിരുന്നു ഇന്നലെ. മിമിക്രിയും മോണോആക്ടും കാണികളുടെ കൈയടി നേടിയപ്പോള്‍ നാടകമത്സരവേദി രാത്രി വൈകിയും നാടകപ്രേമികളെ കൊണ്ടു നിറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന മാപനസമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. ഓവറോള്‍ ചാമ്പ്യനുള്ള ട്രോഫി അടക്കമുള്ള സമ്മാനങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യും.