നന്മയുടെ നാടകങ്ങളുമായി പീറ്റര്‍ മാഷ്
1483339
Saturday, November 30, 2024 6:25 AM IST
നെയ്യാറ്റിന്‍കര: തൃശൂര്‍ വല്ലച്ചിറക്കാരന്‍ പീറ്റര്‍ പാറയ്ക്കല്‍ മാഷ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയ്ക്ക് ഏറെ പ്രിയപ്പെട്ട നാടകപ്രവര്‍ത്തകനാണ്. അരങ്ങ് മാനവികതയുടെ സജീവഭൂമികയാണെന്നാണ് മാഷിന്റെ പക്ഷം. നാടകം കൂട്ടായുള്ളവര്‍ ഉള്ളില്‍ നന്മയെ കൂട്ടു ചേര്‍ത്തവരാണെന്നും മാഷ് പറയാറുണ്ട്.
തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് ഇന്നലെ തിരശീല താണപ്പോള്‍ അവധിക്കാല നാടക ക്യാന്പ്, അടുത്ത തവണ അരങ്ങിലെത്തിക്കാനുള്ള നാടകാശയങ്ങള് എന്നിവ സംബന്ധിച്ച തിരക്കിലായിക്കഴിഞ്ഞു പീറ്റര്‍ മാഷ്. വിവിധ വിദ്യാലയങ്ങളിലായി മാഷിന്റെ ശിഷ്യഗണങ്ങള്‍ പരിശീലിച്ച് അവതരിപ്പിച്ച നാടകങ്ങള്‍ ജില്ലാ കലോത്സവത്തില്‍ സദസ്യരുടെ മനം കവര്‍ന്നു. യുപി വിഭാഗത്തില്‍ ഗവ. കോട്ടണ്ഹില്ലില്ലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദൈവം നാടകം അപ്പീലിലൂടെയാണ് ജില്ലാ കലോത്സവത്തിലെത്തിയത്.
സബ് ജില്ലയില്‍ തഴയപ്പെട്ട നാടകം ജില്ലയിലെ ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച രാമുലുവിന്റെ മുയലുകള്‍ എന്ന നാടകത്തിനും എ ഗ്രേഡും അഞ്ച് പോയിന്റും ലഭിച്ചു.
എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മാഷിന്റെ സംവിധാനത്തിലെത്തിയ നാടകങ്ങള്‍ ശ്രദ്ധേയമായി. രണ്ടര ദശകത്തിലേറെയായി കുട്ടികളുടെ നാടകപ്രവര്‍ത്തകനായി തുടരുന്ന പീറ്റര്‍ പാറയ്ക്കല്‍ മാഷ് നെയ്യാറ്റിന്‍കര കേന്ദ്രമായി നാടകക്കൂട് എന്നൊരു കൂട്ടായ്മയ്ക്കും ആരംഭം കുറിച്ചു.
കുട്ടികള്‍ക്കു വേണ്ടിയുള്ള നാടകങ്ങളാണ് നാടകക്കൂടിന്റെ സവിശേഷത. അഭിനേതാക്കളും കുട്ടികള്‍ തന്നെ. മുതിര്‍ന്നവര്‍ക്കായുള്ള നാടകങ്ങളും പീറ്റര്‍ മാഷ് സംവിധാനം ചെയ്തിട്ടുണ്ട്. നാടകത്തിലെ സാമഗ്രികളെല്ലാം പരമാവധി കുട്ടികളെ കൊണ്ട് ചെയ്യിക്കാറുണ്ടെന്ന് പീറ്റര്‍ മാഷ് പറയുന്നു.