റോഡിൽ പോലീസുകാരന്റെയും സഹോദരന്റെയും അഴിഞ്ഞാട്ടം: അറസ്റ്റിലായ ഇരുവരും റിമാൻഡിൽ
1483074
Friday, November 29, 2024 7:29 AM IST
കാട്ടാക്കട: നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരന്റെയും അഴിഞ്ഞാട്ടം. മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.
തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ രാഹുൽനാഥ്, സഹോദരൻ രാകേഷ് നാഥ് എന്നിവർ പിടിയിലായി. ഇവരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കടയിലെ അതിഥിത്തൊഴിലാളികളെ പറഞ്ഞയക്കണം എന്നാവശ്യപ്പെട്ടായിരുന്നു മർദനം. കട ഉടമ സുധീഷിന്റെ തലയിൽ ഇവർ കമ്പിപ്പാര കൊണ്ടടിച്ചു.
സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. ഇയാളുടെ സഹോദരൻ അനീഷിനെയും ഇരുവരും ക്രൂരമായി മർദിച്ചു. തടയാനെത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലിത്തകർത്തു. ചായക്കടയും പ്രതികൾ അടിച്ചു തകർത്തു. കടയുടെ സമീപത്തു നിർ ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളും പ്രതികൾ അടിച്ചുതകർത്തു.
ഇരുവരുടെയും വീട്ടിനുമുന്നിൽ പ്രവർത്തിക്കുന്ന തട്ടുകടയിലേക്കാണ് ഇവർ അതിക്രമിച്ചു കയറിയത്. കട അടിച്ചു തകർക്കുകയും കടയുടമ സുധീഷിനെയും സഹോദരൻ അനീഷിനെയും തടിക്കഷണംകൊണ്ടു അടിക്കുകയും ചെയ്തിരുന്നു. കടയിൽ ഭക്ഷണം കഴിക്കാനിരുന്ന രവീന്ദ്രൻ നായർ, രാമചന്ദ്രൻ നായർ, രതീഷ് എന്നിവരെയും രാഹുൽ നാഥും രാകേഷ് നാഥും ക്രൂരമായി മർദിച്ചു. കടയിലെ ബഹളം കണ്ട് മധ്യസ്ഥതയ്ക്കു ശ്രമിച്ച തായിരുന്നു മൂവരും.
""ഞാൻ പോലീസുകാരനാണ്, നിങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം, ആരും ഒരു ചുക്കും ചെയ്യില്ലെന്നു'' പറഞ്ഞായിരുന്നു പോലീസുകാരന്റെ ആക്രമണം. എതിർത്തവരെയെല്ലാം മർദിച്ചവശരാക്കിയ ഇരുവരും പുറത്തിറങ്ങി തട്ടുകടയ്ക്കു മുന്നിൽ ഉണ്ടായിരുന്ന രതീഷിന്റെയും രവീന്ദ്രൻ നായരുടെയും ഇരുചക്രവാഹനങ്ങളും തകർത്തു.
സുധീഷിൽനിന്നും മൊഴി രേഖപ്പെടുത്തിയ പോലീസ് ഇരുവർക്കുമെതിരെ വധശ്രമത്തിനു കേസെടുത്തു. സംഭവത്തിനുശേഷം സ്ഥലത്തു നിന്നും മുങ്ങിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.