വെള്ളനാട് -വാളിയറയിൽ കുടിവെള്ളമില്ല: വാർഡ് മെമ്പറുടെ സത്യഗ്രഹ സമരം
1483075
Friday, November 29, 2024 7:29 AM IST
നെടുമങ്ങാട്: വെള്ളനാട് വാളിയറയിൽ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെള്ളനാട് പഞ്ചായത്തിലെ വാളിയറ വാർഡ് മെമ്പർ ജി. സന്തോഷ് കുമാർ അരുവിക്കര വാട്ടർ അഥോറിറ്റി ഓഫീസ് നടയിൽ സത്യഗ്രഹ സമരം നടത്തി. വാളിയറ പതിനാറാം വാർഡിൽ ഉൾപ്പെട്ട ശാന്തിനഗർ, ശങ്കരമുഖം, വാളിയറ, കുളക്കോട് എന്നിവിടങ്ങളിലും വാർഡിന്റെ മറ്റു പ്രദേശങ്ങളിലും വാട്ടർ കണക്്ഷൻ എടുത്തിട്ടുള്ള വീടുകളിലും ശുദ്ധജലം ലഭ്യമല്ല.
ഒരേ പ്രദേശത്ത് രണ്ടു സ് കീമിൽ നിന്നുള്ള വെള്ളം നൽകുന്നത് ഒഴിവാക്കി അരുവിക്കരയിൽനിന്നു ശുദ്ധജലം ലഭ്യമാക്കുക, ഈ പ്രദേശങ്ങളിൽ നിരന്തരം പൈപ്പ് ലൈൻ പൊട്ടുന്നത് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസർമാരെ ചുമതലപ്പെടുത്തുക,
തുടർ ജോലി കൾ വേഗത്തിൽ നടപ്പാക്കുന്നതിനു വെള്ളനാട് പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ തൊട്ടടുത്തുള്ള ആര്യനാട് വാട്ടർ അഥോറിറ്റിയെ ഏൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. സമരം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പ്രസം ഗിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ മനോജുമായി നടന്ന ചർച്ചയിൽ അഞ്ചു ദിവസത്തിനകം കുടിവെള്ളമെത്തിക്കാമെന്നു രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നു സമരം അവസാനിപ്പിച്ചു.