വിഴിഞ്ഞത്തെ ഡ്രഡ്ജിംഗ് പൂർത്തിയാക്കി ശാന്തി സാഗർ മടങ്ങുന്നു
1483354
Saturday, November 30, 2024 6:39 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ഒന്നാംഘട്ട കടൽ കുഴിക്കൽ പൂർത്തിയാക്കി ഡ്രഡ്ജർ ശാന്തി സാഗർ - 10 മടങ്ങുന്നു. ഗുജറാത്തിലെ ഹസീറാ തുറമുഖത്തേക്കു കൊണ്ടുപോകുന്നതിനുള്ള ദൗത്യവുമായി മുംബൈയിൽ നിന്നുള്ള ടഗ്ഗ് ചന്ദ്രാസൺ ഇന്നലെ വിഴിഞ്ഞം മാരിടൈം ബോർഡിന്റെ തുറമുഖത്ത് അടുത്തു. ഒന്നാംഘട്ടത്തിനാവശ്യമായ വാർഫ് ഉൾപ്പെടെയുള്ളനിർമാണ പ്രവർത്തനങ്ങൾ പൂർത്തി യാക്കി ചരക്കു കപ്പലുകളുടെ വരവ് വർധിച്ചതോടെ ഡ്രഡ്ജറിന്റെ ഉപയോഗം കുറഞ്ഞു.
പ്രകൃതിദത്ത ആഴമുള്ളതിനാൽ ഏതു കാലാവസ്ഥയിലും മണൽത്തിട്ടയുടെ ശല്യമില്ലാതെ തന്നെ തുറമുഖത്തേക്കു കപ്പലുകൾ അടുപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. ഡ്രഡ്ജറിന്റെ ഉപയോഗം കുറഞ്ഞതോടെ ഇതിലെ തൊഴിലാളികളെയും അധികൃതർ പിൻവലിച്ചു.
വിശ്രമത്തിലായ കടൽ യാനത്തെയും കൊണ്ട് തിങ്കളാഴ്ച വിഴിഞ്ഞം വിടാമെന്ന വിശ്വാസത്തിലാണ് ടഗ്ഗിലെ മാസ്റ്റർ ക്ലാപ്സൺ കർവാല ഉൾപ്പെടെയുള്ള പന്ത്രണ്ടംഗ സംഘം.
2015 നവംബറിൽ ശാന്തി സാഗർ ഏഴ് തുടങ്ങിവച്ച കടൽ കുഴിക്കലിനുശക്തി പകരാൻ എത്തിയ ശാന്തി സാഗർ - 10 ലക്ഷ്യം പൂർത്തിയാക്കി മടങ്ങുന്നത്. രണ്ടാംഘട്ടത്തിനായി ഇനിയും കൂടുതൽ ഡ്രഡ്ജറുകൾ എത്തുമെന്നും അധികൃതർ പറയുന്നു.