ഹാജർ ഒപ്പിട്ടശേഷം പ്രവർത്തനം മുടക്കി യൂണിയൻ പരിപാടിയിൽ പങ്കെടുത്തെന്നു പരാതി
1483079
Friday, November 29, 2024 7:49 AM IST
നെടുമങ്ങാട്: നഗരസഭയിൽ ജീവനക്കാർ ഹാജർ ഒപ്പിട്ട ശേഷം ഓഫീസ് പ്രവർത്തനം മുടക്കി എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തതായി പരാതി. ഒരു മണിക്കൂറോളം സമയം ഓഫീസ് പ്രവർത്തനം നിലച്ചു.
നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കെത്തിയ നിരവധി പേർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ഇതു ശ്രദ്ധയിപ്പെട്ട നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പുങ്കുംമൂട് അജി നഗരസഭാ സെക്രട്ടറിയെ വിവരം ധരിപ്പിച്ചു. ഇതേ സമയം നഗരസഭയ്ക്കു പുറത്തു മറ്റൊരു മീറ്റിഗിൽ പങ്കെടുത്തു കൊണ്ടിരുന്ന സെക്രട്ടറി അടിയന്തരമായി ഇടപ്പെട്ടാണ് പരിപാടി അവസാനിപ്പിച്ചത്.
ഓഫീസ് പ്രവർത്തന സമയത്ത് ജീവനക്കാർ മറ്റ് ഒരു വിധ കൂട്ടായ്മകളും നടത്താൻ പാടില്ലായെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണു ഭരണകക്ഷി സംഘടന തന്നെ ഉത്തരവ് ലംഘിച്ചത്. സർക്കാർ ഉത്തരവ് ലംഘിച്ച് ഓഫീസ് പ്രവർത്തനം മുടക്കിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരകാര്യ ഡയറക്ടർക്ക് പരാതി നൽകുമെന്ന് പുങ്കുംമൂട് അജി അറിയിച്ചു.