ക്ഷേത്രമോഷണങ്ങൾ: പോലീസിന്റെ സ്ഥിരം തലവേദനയായ മോഷ്ടാവ് പിടിയിൽ
1483080
Friday, November 29, 2024 7:49 AM IST
വിഴിഞ്ഞം: ക്ഷേത്രമോഷണം തൊഴിലാക്കി മാറ്റി പോലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും വട്ടം കറക്കുന്ന അമ്പലം മണിയൻ എന്ന മാരായമുട്ടം മണലുവിളമേലെ പുത്തൻവീട്ടിൽ മണിയൻ (67) വീണ്ടും അഴിക്കുള്ളിലായി. 23-ാം വയസിൽ തുടങ്ങിയ ക്ഷേത്രമോഷണ പരമ്പരയിൽ ഇതിനോടകം 380-ൽപ്പരം എണ്ണവും തികച്ചു. ഇക്കഴിഞ്ഞ 24 ന് രാത്രി വിഴിഞ്ഞം ഉച്ചക്കട ചേനനട്ടവിള ശിവക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപകരിച്ചതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് മണിയൻ വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
ക്ഷേത്രത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ മുറിയിൽ കടന്നു കാമറകൾ പേപ്പർ കൊണ്ടു മറക്കാനുള്ള ശ്രമത്തിനിടയിൽ ഇയാളുടെ പൂർണ്ണമായ ചിത്രം പതിഞ്ഞതാണ് പോലീസിനു തുണയായത്. ചെറിയക്ഷേത്രങ്ങളും കാണിക്കാവഞ്ചികളും മാത്രം ലക്ഷ്യംവച്ച് മോഷണം നടത്തുന്ന മണിയൻ പലതവണയായി പതിനഞ്ച് വർഷത്തിൽപ്പരം ജയിൽ ശിക്ഷയും അനുഭവിച്ചിച്ചുണ്ട്.
ജയിലിൽനി്നു പുറത്തിറങ്ങി പിറ്റേ ദിവസം മുതൽ തന്നെ വീണ്ടും മോഷണ ജോലികൾ ആരംഭിക്കും. കാണിക്ക വഞ്ചികൾ, വിഗ്രഹത്തിൽ ചാർത്താനുള്ള സ്വർണ്ണപ്പെട്ടുകൾ എന്നിങ്ങനെ മോഷണം നടത്തി വിറ്റു കിട്ടുന്ന കാശുകൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് ഇയാ ളുടെ രീതി. മോഷണം തുടർക്കഥയായതോടെ വീട്ടുകാരും ബന്ധുക്കളും കൈയ്യൊഴിഞ്ഞു. നിലവിൽ കൂട്ടിനു ചില കള്ളൻമാർ കൂടിയുണ്ടെന്നും പോലീസ് പറയുന്നു.
മോഷ്ടിക്കാനുള്ള ക്ഷേത്രങ്ങൾ നേരത്തെകണ്ടു വയ്ക്കും. രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്തു കമ്പിപ്പാരയുമായി പതുങ്ങിയിരുന്നു പുലർച്ചെയോടെ ദൗത്യം പൂർത്തിയാക്കി മടങ്ങും. തക്കം കിട്ടിയാൽ ഒന്നിൽ കൂടുതൽ തവണ ഒരേ ക്ഷേത്രത്തിൽ കയറും. ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ മണിയന്റെ പേരിൽ നിരവധി കേസുകളുണ്ട്.
വിഴിഞ്ഞം എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ദിനേശ്, സതികുമാർ, സിപിഒമാരായ രാമു, അരുൺ പി. മണി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.