ഇരുളനൃത്തത്തിൽ പട്ടം ജിഎച്ച്എസ്എസ്
1483072
Friday, November 29, 2024 7:29 AM IST
തിരുവനന്തപുരം: ഈ വർഷം മുതൽ സ്കൂൾ കലോത്സവത്തിൽ മത്സര ഇനമായെത്തിയ ഗോത്രകലാരൂപമായ ഇരുളനൃത്തത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി പട്ടം ജിഎച്ച്എസ് എസ്. ആദ്യമായി മത്സരിക്കുന്ന ഇനമായിട്ടും മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചതെന്ന് വിധികർത്താക്കൾ പറഞ്ഞു.
അയ്യപ്പനും കോശിയും സിനിമയിൽ പാടിയ നഞ്ചിയമ്മ ഉൾപ്പെട്ട ആസാദ് കലാസംഗമം കൂട്ടായ്മയിലെ കലാകാരിയായ അനു പ്രശോഭിനിയാണ് കുറഞ്ഞ സമയത്തിനുള്ളിൽ മത്സരത്തിനായി ടീമിനെ സജ്ജമാക്കിയത്.
ഹയർ സെക്കൻഡറി വിഭാഗം ഇരുളനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ പട്ടം ജിഎച്ച്എസ് സംഘത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടിയത് അട്ടപ്പാടി സ്വദേശിയായ വിസ്മയയുടെ പാട്ടാണ്.
പാലക്കാട് അട്ടപ്പാടിപ്രദേശത്തെ ഇരുള സമുദായക്കാരുടെ നൃത്തരൂപമായ ഇരുളനൃത്തം സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ്. മരണാനന്തര ചടങ്ങുകളിലും കൊയ്ത്തുത്സവങ്ങളിലും ഇരുളനൃത്തം ഒരവിഭാജ്യ ഘടകമാണ്.
അട്ടപ്പാടി കാവുന്തിക്കൽ താഴൈ പരിപ്പന്തറയിൽ സെൽവരാജിന്റെയും വള്ളിയമ്മയുടെയും മകളായ വിസ്മയ ചെറുപ്പം മുതൽ നാട്ടിൽ മുത്തശിമാർക്കൊപ്പം ഇരുളനൃത്തത്തിൽ പങ്കെടുക്കുകയും പാടുകയും ചെയ്തിരുന്നു.