കലാപൂരത്തിന് ആരവങ്ങളോടെ സമാപനം
1483335
Saturday, November 30, 2024 6:25 AM IST
നെയ്യാറ്റിന്‍കര: വര്‍ണങ്ങള്‍ പെയ്തിറങ്ങിയ വേദിയില്‍ കലയുടെ ലാവണ്യ ഭാവങ്ങള്‍ നെയ്യാറിന് തീരത്ത് ആഘോഷത്തിന്റെ അലകള്‍ വിരിയിച്ച റവന്യൂ ജില്ലാ കലോത്സവത്തിന് ആരവങ്ങളോടെ കൊടിയിറങ്ങി.
കിരീട ജേതാക്കളും കാണികളും തിങ്ങി നിറഞ്ഞ നെയ്യാറ്റിന്‍കര ബോയ്സ് എച്ച്എസ്എസില്‍ നടന്ന സമാപന ചടങ്ങ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനെ ചൊല്ലി വിവാദങ്ങളുണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആരുടെയും പ്രേരണയില്ലാതെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കൊടിമരത്തില്‍ കയറിതെന്നും ഫയര്‍ ആൻഡ് റെസ്ക്യൂ പരിശീലനം അടക്കം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥിയുടെ ഇടപെടല്‍ അവസരോചിതമായിരുന്നു. അതിനെ ചില ആളുകള്‍ പെരുപ്പിച്ച് കാട്ടുകയും ചില മാധ്യമങ്ങള്‍ അത് വിവാദമാക്കുകയും ചെയ്തു. ഇത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര നഗരസഭാ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയ സുരേഷ്, കൗണ്‍സിലര്‍മാരായ എം.എ. സാദത്ത്, എന്‍.കെ. അനിതകുമാരി, ആര്. അജിത തുടങ്ങിയവര്‍ പങ്കെടുത്തു. ഡിഡിഇ സുബിന് പോള്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിജോവ് സത്യന് നന്ദിയും പറഞ്ഞു.
കിരീടം തിരുവനന്തപുരം നോര്‍ത്തിന്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയെ കലയുടെ ഉത്സവ നഗരിയാക്കിയ റവന്യൂ ജില്ലാ കലോത്സവത്തിനു തിരശീല വീണപ്പോള്‍ കലാകിരീടത്തില്‍ മുത്തമിട്ട് തിരുവനന്തപുരം നോര്‍ത്ത് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.പ്രധാന വേദിയിലുള്‍പ്പെടെ ഇന്നലെ പുലര്‍ച്ച വരെ നീണ്ട വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 885 പോയിന്റ് സ്വന്തമാക്കിയാണ് നോര്‍ത്ത് കിരീടമണിഞ്ഞത്.
869 പോയിന്റുമായി തിരുവനന്തപുരം സൗത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ആദ്യ രണ്ടു ദിനങ്ങളില്‍ പോയിന്റ് പട്ടികയില്‍ മുന്നിട്ടു നിന്ന കിളിമാനൂര്‍ ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.283 പോയിന്റുകള്‍ നേടിയ വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സലത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
എസ്കെവിഎച്ച്എസ് നന്ദിയോടും(229) കെടിസിസിഇഎം എച്ച്എസ്എസ് കടുവയില്‍ (207)) ലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആദ്യ മൂന്ന് ദിനങ്ങളില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം നോര്‍ത്ത് അവസാന ദിവസത്തെ നൃത്ത മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് കിരീട ജേതാക്കളായത്. നൃത്ത വേദികളില്‍ പട്ടം ഗവ.മോഡല്‍ ഗേള്‍സ് സ്കൂള്‍ ടത്തിയ വിജയക്കുതിപ്പാണ് നോര്‍ത്തിനു കരുത്ത് പകര്‍ന്നത്.
169 പോയിന്റാണ് സ്കൂളിലെ കുട്ടികള്‍ നേടിയത്. ഈ വര്‍ഷം കലോത്സവത്തിലുള്‍പ്പെടുത്തിയ ഗോത്രകലകളായ ഇരുള നൃത്തം, മലയപുലയ ആട്ടം, പണിയ നൃത്തങ്ങളില്‍ എച്ച്എസ്, എച്ച് എസ്എസ് വിഭാഗങ്ങളില്‍ പട്ടം ഗേള്‍സ് പോയിന്റുകള്‍ തൂത്തുവാരിയതോടെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം സൗത്തിന് കിരീടം നഷ്ടമായി.യുപി വിഭാഗത്തില്‍ 154 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ല ഒന്നാമതെത്തി.
152 പോയിന്റുമായി കിളിമാനൂര്‍ രണ്ടാം സ്ഥാനത്തുമെത്തി. എച്ച്എസ് വിഭാഗത്തില്‍ 362 പോയിന്റുമായി കിളിമാനൂര്‍ ചാമ്പ്യനായപ്പോള്‍ 348 പോയിന്റുമായി സൗത്ത് ഉപജില്ല എച്ച്എസ് വിഭാഗത്തില്‍ റണ്ണറപ്പായി. എച്ച്എസ്എസ് വിഭാഗത്തില്‍ 399 പോയിന്റുമായി നോര്‍ത്തും 382 പോയിന്റുമായി സൗത്തും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.
യുപി വിഭാഗത്തില്‍ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം (38), എച്ച്എസ് വിഭാഗത്തില്‍ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡി സ്കൂള്‍(103) എച്ച്എസ്എസ് വിഭാഗത്തില്‍ നന്ദിയോട് എസ്കെവിഎച്ച്എസ്എസും (157) മികച്ച സ്കൂളുകളായി.