പൂവച്ചൽ സ്കൂളിലെ സംഘർഷം : അറസ്റ്റ് ചെയ്തു ജയിലിലടച്ച വിദ്യാർഥി നിരപരാധിയെന്നു മാതാവ്
1483353
Saturday, November 30, 2024 6:39 AM IST
കാട്ടാക്കട: പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സംഘർഷത്തിൽ പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനും മർദനമേറ്റതിനെ തുടർന്ന് സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥി സൗരവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത സംഭവത്തിൽ പരാതിയുമായി അമ്മ സുനിത കുമാരി രംഗത്ത്.
വിദ്യാർഥി നിരപരാധിയെന്നും സുനിത കുമാരി പറയുന്നു. 15 കൊല്ലമായി ശരീരം തളർന്നു കിടക്കുന്ന പിതാവ് സുഗതനെ അറിവായകാലം മുതൽ പ്രാഥമിക കാര്യങ്ങൾക്ക് ഉൾപ്പെടെ സഹായിക്കുന്നതു സൗരവാണ്. അച്ഛൻ, സുഖമില്ലാത്ത സഹോദരി,അമ്മൂമ്മ ഉൾപ്പെടെ കുടുംബത്തിന് സഹായമായുള്ള സൗരവ് ആളുകളെ ഉപദ്രവിക്കാനും അടിച്ചു പൊട്ടിക്കാനും പോകില്ല. സ്കൂൾ പ്രിൻസിപ്പൽ തന്നെ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകിയിരുന്നു.
എന്നിട്ടും പോലിസ് പിടിച്ചു കൊണ്ടു പോയി ജയിലിലേക്ക് അയച്ചു. തെറ്റു ചെയ്യാത്തകുട്ടി അവിടെ ഭക്ഷണം പോലും കഴികാൻ കഴിയാതെ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും അമ്മ സുനിത കുമാരി പറയുന്നു. സൗരവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കെഎസ്യു പ്രവർത്തകർ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. സൗരവിനെ കേസിൽനിന്നും വിടുതൽ ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നിയമപരമായി നേരിടുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് സജീർ പറഞ്ഞു.
സംഘർഷത്തെ തുടർന്നു പതിനെട്ടോളം പേരെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഈ പട്ടികയിൽ ഇല്ലാത്ത വിദ്യാർഥിയെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും പരാതി ഉയർന്നു. ഒന്നും രണ്ടും പ്രതികൾ ഉൾപ്പെടെ പുറത്ത് ഒളിവിൽ പോയപ്പോൾ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തയാളെയാണ് ജയിലിൽ ഇട്ടത്.
സൗരവിനെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും സൗരവിന്റെ അമ്മ പറഞ്ഞു. സ്കൂളിലെ സംഭവത്തിൽ മകൻ ഉൾപ്പെട്ടിട്ടില്ലെന്നു എസ്ഐ, സിഐ എന്നിവരോടു പറഞ്ഞെങ്കിലും അവരും ഇക്കാര്യം ചെവിക്കൊണ്ടില്ല.