അശ്വതിക്ക് താങ്ങും തണലും ഗുരുകടാക്ഷം
1482786
Thursday, November 28, 2024 6:59 AM IST
നെയ്യാറ്റിന്‍കര : കേരള സര്‍വകലാശാലയില്‍ ഗുരുവിന് സമ്മാനം നേടാനായ അതേ നൃത്തത്തിന്റെ വന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ശിഷ്യയ്ക്ക് വിജയം. നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഉടമയായ സ്വാതിശ്രീ സ്റ്റീനാരാജിന്റെ അരുമശിഷ്യരിലൊരാളാണ് മാറനല്ലൂര്‍ ഡിവിഎം എന്‍ എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അശ്വതി എസ് നായര്‍. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ അശ്വതി ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് നൃത്തത്തിനായി ആത്മസമര്‍പ്പണം ചെയ്തിരിക്കുന്നത്.
ഗുരു ഒരു രൂപ പോലും ദക്ഷിണ വാങ്ങാതെ അഭ്യസിപ്പിച്ച കഥാസന്ദര്‍ഭത്തെ കേരള സര്‍വകലാശാലയിലെ കേരളനടനം മത്സരത്തില്‍ മികവോടെ അവതരിപ്പിച്ചതിന് സ്റ്റീനാരാജിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
അതേ കഥാസന്ദര്‍ഭവും നൃത്തചുവടുകളുമൊക്കെയാണ് അശ്വതിയുടെ കുടുംബസ്ഥിതിയെക്കുറിച്ച് വ്യക്തമായി അറിയുന്ന സ്റ്റീനാരാജ് കലോത്സവത്തിനായി നിര്‍ദേശിച്ചത്.
നാലാം വയസുമുതല്‍ നൃത്തം പരിശീലിക്കുന്ന അശ്വതി കഴിഞ്ഞ നാലു വര്‍ഷമായി നവരസ സ്കൂള്‍ ഓഫ് പെര്ഫോര്മിംഗ് ആര്‍സ്സ് ഡയറക്ടര്‍ കൂടിയായ സ്റ്റീനാരാജിന്റെ ശിഷ്യയാണ്.
ഊരൂട്ടന്പലത്തിനു സമീപം കൂവളശേരിയില്‍ ഓട്ടോ ഡ്രൈവറായ ശ്യാമിന്റെയും ലാബ് ജീവനക്കാരിയായ ശാരികയുടെയും മകളാണ് അശ്വതി.