വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല
1482781
Thursday, November 28, 2024 6:59 AM IST
നെയ്യാറ്റിന്‍കര: മത്സരങ്ങളിലെ കാലതാമസം, ഊട്ടുപുരയ്ക്കു സമീപത്തെ മൈതാനത്തിലും മീഡിയ റൂമിനു പിറകിലും ചെളിക്കളം, പരിമിതമായ സൗകര്യങ്ങളുമായി ചില വേദികള്‍, ഉച്ചയൂണിനു പോലും പോകാനാവാതെ മത്സരാര്‍ഥികള്‍.
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംഘാടകര്‍ കൊട്ടിഘോഷിച്ച പല വാഗ്ദാനങ്ങളും അന്പേ പരാജയപ്പെട്ട മേളയായി ഇത്തവണത്തേത്. ഹരിതകലോത്സവം എന്നത് ആദ്യദിനത്തിലേ പാളിപ്പോയി.
സമയബന്ധിതമായി മത്സരങ്ങള്‍ നടത്തുമെന്നത് പതിവുപല്ലവിയാണെന്ന് വീണ്ടും തെളിയിച്ചു. പല വേദികളിലും വൈകിത്തുടങ്ങുന്നതിനാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നത് നട്ടപ്പാതിരയ്ക്കും അടുത്ത നാള് പുലര്‍ച്ചെയിലും. മത്സരങ്ങളുടെ സമയക്രമത്തിലെ അനിശ്ചിതത്വം കാരണം ഇന്നലെയും ഒട്ടേറെ മത്സരാര്‍ഥികള്‍ ഊണു കഴിക്കാതെ ഊഴം കാത്തിരുന്നു.
ഇടയ്ക്ക് പെയ്ത മഴ ഊട്ടുപുരയ്ക്കു സമീപത്തെ മൈതാനത്തെ ചെളിക്കളമാക്കി മാറ്റി. എന്‍ സി സി, എസ് പി സി, സ്കൗട്ട്, എന്‍ എസ് എസ് യൂണിറ്റുകളിലെ വിദ്യാര്‍ഥികള്‍ പ്രധാന വേദികളിലും മറ്റും മികച്ച സേവനം കാഴ്ചവച്ചു.
മുഖ്യവേദിയിലെ നൃത്തമത്സരങ്ങള്‍ക്ക് ശുഷ്കമായ സദസായിരുന്നുവെങ്കിലും നാടകത്തിനും വട്ടപ്പാട്ടിനുമൊക്കെ നിറഞ്ഞ സദസ് മത്സരങ്ങള്‍ വീക്ഷിച്ചു. അധ്യാപക സംഘടനകള്‍ തമ്മിലുള്ള നിസഹകരണം കലോത്സവത്തിലും പ്രകടമായി. സബ് കമ്മിറ്റികളും അധ്യാപക സംഘടനകളും ഒരേ മനസോടെ പ്രവര്‍ത്തിച്ചാലേ കലോത്സവം മാതൃകാപരമാകൂ എന്ന തത്വം ഇത്തവണയും ബന്ധപ്പെട്ടവരാരും ഉള്ക്കൊണ്ടില്ലായെന്ന ആരോപണം ശക്തം.