മൂന്നാം ദിനം കളറാക്കി "നാടോടി'
1482780
Thursday, November 28, 2024 6:59 AM IST
നെയ്യാറ്റിൻകര: കലാമേളയുടെ ആഘോഷപ്പകലിൽ കാണികളുടെ ആവേശത്തിര. ഇടയ്ക്കിടെ പെയ്ത ചാറ്റൽ മഴയ്ക്കും ആവേശം ഒട്ടും കുറയ്ക്കാൻ കഴിഞ്ഞില്ല. ജനപ്രിയ ഇനങ്ങളായ നാടോടിനൃത്തവും സംഘനൃത്തവുമാണ് മൂന്നാം ദിനത്തിൽ ആളും ആരവങ്ങളുമായി പ്രധാന വേദിയെ കളറാക്കിയത്. പ്രധാനവേദിയായ ഗവൺമെന്റ് ബോയ്സ് ഇന്നലെ പകൽ മുഴുവൻ നാടോടിനൃത്തിന്റെ താളമേളങ്ങളിലലിഞ്ഞു.
മൂന്നാം വേദിയിൽ നടന്ന സംഘനൃത്ത മത്സരത്തിനും ആളും ആവേശവും കുറഞ്ഞില്ല. കോൽക്കളിയും വട്ടപ്പാട്ടും സ്കിറ്റും പൂരക്കളിയുമെല്ലാം കലോത്സവത്തിന്റെ മൂന്നാംദിനത്തെ ആവേശത്തിലാഴ്ത്തി. കലോത്സവ ചരിത്രത്തിലാദ്യമായി ഗോത്ര കലകൾ മത്സരയിനങ്ങളായി ഇന്ന് അരങ്ങിലെത്തും.ഗവ. ഗേൾസ് എച്ച്എസ്എസിലെ വേദി മൂന്നിലും നാലിലുമായാണ്് ഗോത്രനൃത്തങ്ങൾ അരങ്ങിലെത്തുക.
വേദി മൂന്ന് ഉണരുക ഇരുളനൃത്തത്തോടെയാകും. എച്ച്എസ്, എച്ച്എസ്എസ് വിഭാഗം മത്സരങ്ങൾക്ക് ശേഷം മലയപ്പുലയ ആട്ടവും പളിയനൃത്തവും നടക്കും. വേദി നാലിൽ രാവിലെ ഒമ്പതിന് മംഗലംകളി ആരംഭിക്കും. തുടർന്ന് പണിയനൃത്തം അരങ്ങേറും. ആസ്വാദകർ ഏറെയുള്ള ജനപ്രിയ ഇനങ്ങളായ ഒപ്പനയും മോഹിനിയാട്ടവും മിമിക്രി, മോണോ ആക്ട് മത്സരങ്ങളും ഇന്നു നടക്കും. നാലു രാപ്പകലുകൾ നെയ്യാറ്റിൻകരയെ ആഘോഷത്തിലാഴ്ത്തിയ കലാമേളയ്ക്ക് നാളെ കൊടിയിറങ്ങും.