നാടാര്‍ സമുദായത്തിന് വിദ്യാഭ്യാസ സംവരണം നിഷേധിക്കരുത്: നീലലോഹിതദാസന്‍ നാടാര്‍
1482511
Wednesday, November 27, 2024 6:36 AM IST
തിരുവനന്തപുരം: നാടാര്‍ സമുദായത്തിനു വിദ്യാഭ്യാസ സംവരണം നിഷേധിക്കരുതെന്നു മുന്‍ മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍. നാടാര്‍ സംയുക്ത സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച നാടാര്‍ അവകാശ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനസംഖ്യയുടെ 10 ശതമാനം വരുന്ന നാടാര്‍ സമുദായത്തിനു വിദ്യാഭ്യാസ സംവരണം നിഷേധിച്ചിരിക്കുന്നത് സമുദായത്തെ വലിയ സാമൂഹിക പിന്നാക്ക അവസ്ഥയിലേക്ക് എത്തിക്കുന്നതാണെന്നു പരിപാടിയില്‍ പ്രസംഗിച്ച ചൊവ്വര നാടാര്‍ പറഞ്ഞു.
നാടാര്‍ സമുദായത്തിന്റെ വിവിധ ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്പ്പ് 13 വര്‍ഷം കഴിഞ്ഞിട്ടും അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നു തുടര്‍ന്നു പ്രസംഗിച്ച വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു.
നാടാര്‍ സമുദായത്തിനു പ്ലസ്ടു തലം മുതല്‍ പ്രഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ പ്രത്യേക പട്ടികയായി ഏഴ് ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
കെഎന്‍എംഎസ് സംസ്ഥാന പ്രസിഡന്റ് ജെ. ലോറന്‍സ് സമരത്തിന് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഡ്വ. ജി. സ്റ്റീഫന്‍, എം. വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.