വടക്കഞ്ചേരി: ലഹരിവസ്തുക്കളുടെ അടിമകളായവർക്കു സാന്ത്വനവും താങ്ങുമായി മൂന്നു പതിറ്റാണ്ട് പിന്നിട്ട് വള്ളിയോട് സെന്റ് ജോസഫ് ഹോളിസ്റ്റിക് ഹീലിംഗ് സെന്റർ.
മദ്യം, അതിമാരകലഹരി വസ്തുക്കളായ എംഡിഎംഎ, മെത്താഫെറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കൾക്ക് അനേകരാണ് ഇന്ന് അടിമകളാകുന്നത്. ഇവരിൽ കുറെപ്പേരെയെങ്കിലും പുതുജീവനിലേക്ക് വഴിനടത്തുകയാണ് ഈ സാന്ത്വനകേന്ദ്രം.
ഒരു വ്യക്തിയിലുണ്ടാകുന്ന മാറ്റം ആ വ്യക്തിയിൽ മാത്രമല്ല കുടുംബത്തിലും സമൂഹത്തിലും പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടിലാണ് ലഹരിവിമുക്ത ചികിത്സ നടത്തുന്നതെന്നു കേന്ദ്രത്തിലെ കൗൺസിലർമാരായ സിസ്റ്റർ ശുഭ എംഎസ്ജെ, സിസ്റ്റർ റാണിറ്റ എംഎസ്ജെ എന്നിവർ പറഞ്ഞു. വള്ളിയോട് സെന്റ് ജോസഫ് ആശുപത്രിയിൽതന്നെയാണ് ധർമഗിരി സിസ്റ്റേഴ്സ് നടത്തുന്ന ഈ ഹീലിംഗ് സെന്റർ പ്രവർത്തിക്കുന്നത്.
ലഹരിവസ്തുക്കളുടെ ഉപയോഗംമൂലം ഉണ്ടാകുന്ന ശാരീരിക മാനസിക ആധ്യാത്മിക കുടുംബ സാമൂഹ്യ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ബോധ്യപ്പെടുത്തലുകൾക്കൊപ്പം വ്യായാമം, റിലാക്സേഷൻ തെറാപ്പി, കൗൺസലിംഗ്, ഫാമിലി കൗൺസലിംഗ്, ഷെയറിംഗ്, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയവ ലഹരികളിൽനിന്നുള്ള വിരക്തിക്ക് അവലംബിക്കുന്ന മാർഗങ്ങളാണ്.
സ്നേഹമാകണം ലഹരി. ലഹരിവിമുക്തി നേടിയവരെ അതിൽ നിലനിർത്താനും ഒത്തുകൂടാനും സന്തോഷം പങ്കുവയ്ക്കാനുമായി ആൽക്കഹോളിക് അനോനിമസ് ഗ്രൂപ്പുകളും സജീവമായുണ്ട്. ആവശ്യമെങ്കിൽ സൈക്യാട്രിസ്റ്റിന്റെ സേവനവും ലഭ്യമാക്കും.
എല്ലാറ്റിനുമുപരി സ്വയം എടുക്കുന്ന തീരുമാനങ്ങളാണ് എല്ലാ തിന്മകളുടെയും പിന്മാറ്റങ്ങൾക്ക് ബലമാവുകയെന്ന് ലഹരിവിമുക്തരായവരുടെ അനുഭവത്തിൽ നിന്നും സിസ്റ്റർമാർ പറയുന്നു.
ആൺപെൺ വ്യത്യാസമില്ലാതെ മയക്കുമരുന്നുകളുടെ ഉപയോഗമുണ്ട്. സമൂഹം ഒറ്റക്കെട്ടായി നിന്നാൽമാത്രമേ ഇതിനു പരിഹാരം കാണാനാകൂയെന്നും സിസ്റ്റർമാർ പറഞ്ഞു. സിസ്റ്റർ അൽബീന എംഎസ്ജെ യാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ. ലഹരിവിമുക്ത കേന്ദ്രം ഫോൺ - 9746460127.
കെസിബിസി മദ്യവിരുദ്ധ
സമിതി ലഹരിവിരുദ്ധ
ദിനാചരണം ഇന്ന്
പാലക്കാട്: കെസിബിസി മദ്യവിരുദ്ധസമിതിയുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ഇന്നുച്ചയ്ക്ക് 1.30ന് വിവിധ പരിപാടികളോടെ പാലക്കാട് സെന്റ് റാഫേൽസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സെമിനാറും സിമ്പോസിയവും മത്സരവിജയികൾക്കുള്ള സമ്മാനവിതരണവുമുണ്ടാകും. ഹോളിഫാമിലി കോൺവെന്റ് കൗൺസിലർ സിസ്റ്റർ പ്രീമ സന്ദേശം നൽകും. മദ്യവിരുദ്ധസമിതി രൂപത പ്രസിഡന്റ് ബാബു പീറ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡയറക്ടർ ഫാ. ആന്റോ ക്ലീറ്റിക്കൽ മുഖ്യപ്രഭാഷണം നടത്തും.
പാലക്കാട് രൂപത കെസിബിസി മദ്യവിരുദ്ധസമിതി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസം, കവിത, പോസ്റ്റർരചന, കാർട്ടൂൺ രചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.
ഉപന്യാസരചനാമത്സരത്തിൽ ഡി.അനുവിന്ദ (വിജയമാതാ സ്കൂൾ ചിറ്റൂർ), കെ.എച്ച്. അനുജ (സെന്റ് തോമസ് സ്കൂൾ ഓലവക്കോട്), ഗൗരികൃഷ്ണ ( സെന്റ് റാഫേൽസ് സ്കൂൾ, പാലക്കാട്) കവിതാ രചന മത്സരത്തിൽ ഡി. ശ്രീനന്ദന (കാണിക്കമാതാ സ്കൂൾ പാലക്കാട്), ലിയാ മാത്യു ( അരോഗ്യമാത സ്കൂൾ, കോട്ടത്തറ), അമേയാ കൃഷ്ണ (വിജയമാതാ സ്കൂൾ ചിറ്റൂർ) എന്നിവർ വിജയികളായി.
പോസ്റ്റർരചന മത്സരത്തിൽ അനിറ്റാ ട്രീസാ ബെന്നി ( സെന്റ് റാഫേൽസ് സ്കൂൾ പാലക്കാട്), ആഗ്ന സുരേഷ് (ചെറുപുഷ്പം സ്കൂൾ വടക്കഞ്ചേരി), എസ് .ചിനോയ് ( മേരീമാതാ സ്കൂൾ പന്തലാംപാടം), കാർട്ടൂൺ മത്സരത്തിൽ അനുഷ കൃഷ്ണ (സെന്റ് റാഫേൽസ് സ്കൂൾ പാലക്കാട്) ലിയനാ ഫാത്തിമ ( കാണിക്കമാതാ സ്കൂൾ, പാലക്കാട്), എച്ച്. അർച്ചന (സെന്റ് തോമസ് സ്കൂൾ ഒലവക്കോട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.