ശ്രീകൃഷ്ണപുരം: സഹോദയ ജില്ലാ സ്കൂൾ കലോത്സവം- കലാരംഗ് 2024ന്റെ രണ്ടാംദിവസം സമാപിച്ചപ്പോൾ 556 പോയിന്റു നേടി ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ ഒന്നാംസ്ഥാനത്തു തുടരുന്നു. 544 പോയിന്റുമായി പട്ടാമ്പി എംഇഎസ് ഇന്റർനാഷണൽ സ്കൂളാണ് രണ്ടാംസ്ഥാനത്ത്.
537 പോയിന്റുമായി പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ മൂന്നാമതെത്തി. സെന്റ് ഡൊമനിക് സ്കൂൾ, ശ്രീകൃഷ്ണപുരം സംഗീതശിൽപ്പം കല്യാണമണ്ഡപം ,ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലെ 28 സ്റ്റേജുകളിലായി 140 വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.
മൂന്നുമുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. രണ്ടാംദിനമായ വെള്ളിയാഴ്ച മോഹിനിയാട്ടം, ദഫ് മുട്ട്, കൊൽക്കളി, കുച്ചുപ്പിടി, മോണോ ആക്ട്, മിമിക്രി, തബല ,മൃദഗം, വയലിൻ, വിവിധ ഗാനങ്ങൾ എന്നിവയിലെ മത്സരങ്ങളാണു നടന്നത്. സമാപന ദിവസമായ ഇന്ന് എകാങ്ക നാടകം, മൂകാഭിനയം, തിരുവാതിരകളി, പാശ്ചാത്യസംഗീതം, സംഘനൃത്തങ്ങൾ, ഗിത്താർ, ബാൻഡുമേളം എന്നിവ നടക്കും.