ശ്രീകൃഷ്ണപുരം: മൂന്നുദിവസങ്ങളിലായി നടക്കുന്ന സഹോദയ ജില്ലാ സ്കൂൾ കലോത്സവത്തിന് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂളിൽ തുടക്കമായി.
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് ഷാജി കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. കെ. പ്രേംകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സഹോദയ ജില്ലാ ട്രഷറർ സി.വി. പ്രേജിത്ത്, സിസ്റ്റർ ടെസി കാച്ചപ്പള്ളി, പിടിഎ പ്രസിഡന്റ് അരുൺ രവി, സിസ്റ്റർ ജോയ്സി, ലത പ്രകാശ്, സജിനി പ്രകാശ്, ഗായകൻ ഭവിൻ വിനോദ് എന്നിവർ പ്രസംഗിച്ചു. ആദ്യദിനം സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്. സെന്റ് ഡൊമിനിക് സ്കൂൾ, ശ്രീകൃഷ്ണപുരം സംഗീതശിൽപം കല്യാണ മണ്ഡപം, ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലെ 28 സ്റ്റേജുകളിലായി 140 വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മൂന്നുമുതൽ പന്ത്രണ്ടുവരെയുള്ള വിദ്യാർഥികളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
വിവിധ നൃത്തങ്ങൾ, ഗാനങ്ങൾ, രചനകൾ, കാർട്ടൂൺ, പെയിന്റിംഗ്, പോസ്റ്റർ നിർമാണം, ഉപന്യാസരചന, കഥരചന തുടങ്ങിയവയിലെ വിവിധ ഇനം മത്സരങ്ങളാണ് നടന്നത്.
ഇന്ന് മോഹിനിയാട്ടം, ദഫ്മുട്ട്, കോൽക്കളി, കുച്ചുപ്പുടി, മോണോആക്ട്, മിമിക്രി, തബല, മൃദംഗം, വയലിൻ എന്നിവയിലെ മത്സരങ്ങൾ നടക്കും. നാളെ മത്സരങ്ങൾ സമാപിക്കും.