നെടുങ്കണ്ടം: നെടുങ്കണ്ടം ഉപജില്ലാ സ്കൂള്‍ കലോത്സവം 19, 20, 21 തീയതികളില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നൂപുര ധ്വനികള്‍ എന്ന് പേര് നല്കിയ കലോത്സവത്തില്‍ എട്ട് പഞ്ചായത്തുകളിലെ 52 സ്കൂളുകളില്‍നിന്നായി 3,250 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 93 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി 10 വേദികള്‍ ക്രമീകരിച്ചിട്ടുണ്ട്. ജനറല്‍ കലോത്സവത്തിന് പുറമേ അറബിക്, സംസ്കൃതം, തമിഴ് കലോത്സവങ്ങളും ഇതോടൊപ്പം നടക്കും. 19ന് രചനാമത്സരങ്ങളും ചെണ്ട, തായമ്പക മത്സരങ്ങളുമാണ് നടക്കുന്നത്.
19ന് രാവിലെ 10ന് എം.എം. മണി എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് ശൗര്യാംകുഴി അനുഗ്രഹ പ്രഭാഷണവും ഇടുക്കി രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയേല്‍ മുഖ്യപ്രഭാഷണവും നടത്തും.
പരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തന മികവിന് അവാര്‍ഡ് നേടിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേഷ്കുമാര്‍, കോമ്പയാര്‍ സെന്റ്് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു ജോര്‍ജ് എന്നിവരെ ആദരിക്കും.
21ന് വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യാതിഥിയായിരിക്കും. പ്രിമി ലാലിച്ചന്‍, സിബി മൂലേപ്പറമ്പില്‍, ജിന്‍സ് ജോസ്, കെ. സുരേഷ് കുമാര്‍, ബിജു ജോര്‍ജ്, റിനു ചാക്കോ, സുബിന് ജോസഫ്, സൈജു ചെറിയാന് എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം പ്രവർത്തിക്കുന്നുണ്ട്.