കൽപ്പറ്റ: മുസ്ലം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇന്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് സഹായധനം നൽകുന്നു.
ശരിയായ ജനാലകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപ വരെ നൽകും. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകരുടെ വീടിന്റെ വിസ്തീർണം 1,200 ചതുരശ്ര അടിയിൽ കൂടാൻ പാടില്ല.
അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായികയാകണം. ബിപിഎൽ കുടുംബത്തിന് മുൻഗണന നൽകും. അപേക്ഷകരോ മക്കളോ ശാരീരിക, മാനസിക വൈകല്യങ്ങൾ നേരിടുന്നന്നവരാണെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും. പെണ്കുട്ടികൾ മാത്രമുള്ള അപേക്ഷകർക്കും മുൻഗണനയ്ക്കു അർഹതയുണ്ട്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽനിന്നുസ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ 10 വർഷത്തിനിടെ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത ഫോമിലാണ് അപേക്ഷിക്കേണ്ടത്.
2023-24ലെ നികുതിശീട്ടിന്റെയും റേഷൻ കാർഡിന്റെയും പകർപ്പ് ഉൾപ്പെടുത്തണം. വീട് റിപ്പയർ ചെയ്യേണ്ടതാണെന്നും വിസ്തീർണം 1,200 ചതുരശ്ര അടിയിൽ കുറവാണെന്നും തെളിയിക്കുന്നതിനു വില്ലേജ് ഓഫീസറോ തദ്ദേശസ്ഥാപന അസിസ്റ്റന്റ് എൻജിനിയറോ ബന്ധപ്പെട്ട അധികാരികളോ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
മറ്റു സർക്കാർ പദ്ധതികളിൽ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണികൾക്കോ 10 വർഷത്തിനിടെ സഹായം ലഭിച്ചില്ലെന്നു വ്യക്തമാക്കി തദ്ദേശസ്ഥാപന സെക്രട്ടറിയോ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറോ അനുവദിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വയ്ക്കണം.
31 വരെ അപേക്ഷകൾ സ്വീകരിക്കും. കളക്ട്രേറ്റ് ന്യൂനപക്ഷ ക്ഷേമ സെല്ലിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തിൽ തപാലിലോ അപേക്ഷ നൽകാം. 31 വരെ സ്വീകരിക്കും. അപേക്ഷാഫോം
www.minortiywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോണ്: 04936 202251.