മലപ്പുറം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി നാടെങ്ങും ശിശുദിനാഘോഷം വിപുലമായി നടത്തി. കുഞ്ഞുങ്ങള്‍ അദ്ദേഹത്തെ ചാച്ചാ നെഹ്റുവെന്നാണ് വിളിച്ചിരുന്നത്. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ശിശുദിനമായിരുന്ന ഇന്നലെ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചത്.
തിരൂര്‍ക്കാട്: ഒരാടംപാലം അങ്കണവാടിയില്‍ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കുട്ടികളും രക്ഷിതാക്കളും എഎല്‍എം എസ്സി അംഗങ്ങളും പങ്കെടുത്ത റാലി നടന്നു. എഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് നടന്ന ശിശുദിന സമ്മേളനം പി.എ.എം. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചര്‍ എം. റഫിയ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പേരയില്‍ ഷിഹാദ്, എന്‍എസ്എസ് പ്രതിനിധി പി. മുഹമ്മദ് ഷാന്‍, കൊണ്ടെത്ത് സലീം എന്നിവര്‍ പ്രസംഗിച്ചു. പ്രീ സ്കൂള്‍ കുട്ടികളുടെ കളറിംഗ് മത്സരവും മധുരപലഹാര വിതരണവും നടന്നു.
പാറല്‍: കുഞ്ഞു നെഹ്റുമാര്‍ ഒരുമിച്ചുകൂടി പാറല്‍ വീട്ടിക്കാട് എഎംഎല്‍പി സ്കൂളില്‍ ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയെപ്പോലെ ഷര്‍ട്ടില്‍ റോസാപ്പൂക്കള്‍ ധരിച്ച് കുരുന്നുകള്‍ സ്കൂളിലെത്തിയത് കൗതുകമായി. കൂട്ടത്തില്‍ നെഹ്റുവിന്റെ സന്ദേശവും ഛായാചിത്രവുമായി എത്തിയതും ശ്രദ്ധേയമായി. സ്കൂള്‍ അസംബ്ലിയില്‍ ശിശുദിന പ്രത്യേക പരിപാടിയും നടന്നു. പോസ്റ്റര്‍ നിര്‍മാണം, തൊപ്പി നിര്‍മാണം, മിഠായി വിതരണവും പായസ വിതരണവും എന്നിവയുമുണ്ടായിരുന്നു.
ഹെഡ്മിസ്ട്രസ് കെ.കെ. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഹുസൈന് പാറല്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുള്‍ ലത്തീഫ്, കെ.പി. റഷീറ, വി.പി. ദീപ, വി. ഷബ്ന, പി. ശമീമ, വി. ശബീബ, നിഹാല, കെ.കെ. ഷൈജല്‍, ഷമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റ് കെയര്‍ സൊസൈറ്റി ജില്ലാ ആശുപത്രിയില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിനത്തില്‍ ജില്ലാ ആശുപത്രിയില്‍ ജനിച്ച കുട്ടികള്‍ക്ക് എആര്‍എംസി ആശുപത്രിയുടെ സഹകരണത്തോടെ സ്നേഹസമ്മാനവും ഉപഹാരവും നല്കി. പരിശോധനക്കെത്തിയതും അഡ്മിറ്റിലുമുള്ള കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു.
കുട്ടികളുടെ വാര്‍ഡില്‍ നടന്ന പരിപാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ റഊഫ് ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ പാലിയേറ്റീവ് സൊസൈറ്റി ചെയര്മാന് ഡോ. നിലാര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ ദീപക് വ്യാസ്, മഹജു, സി. ഫാത്തിമ, ശരീഫ്, ഡാലിയ, നഴ്സിംഗ് സൂപ്രണ്ട് നുസൈബ, പാലിയേറ്റീവ് ഭാരവാഹികളായ പി.പി. സൈതലവി, കെ.പി.എം. സക്കീര്‍, കുറ്റീരി മാനുപ്പ എന്നിവര്‍ പ്രസംഗിച്ചു.