വെറും ഫേസ്ബുക്ക് പരിചയം! പാർവതി തട്ടിയത് 11 ലക്ഷവും യുവാവിന്‍റെ ജീവിതവും
വെറും ഫേസ്ബുക്ക് പരിചയം! പാർവതി തട്ടിയത് 11 ലക്ഷവും യുവാവിന്‍റെ ജീവിതവും
Thursday, September 23, 2021 10:13 AM IST
പ​ന്ത​ളം: പാർവതിയുടെ പഞ്ചാരവാക്കിൽ‌ വീണു പോയ യുവാവിനു നഷ്ടമായത് ഒന്നു രണ്ടും രൂപയല്ല, 11 ലക്ഷം രൂപ. യുവാവിന്‍റെ ജീവിതം വലിയ പ്രതിസന്ധിയിൽ ആവുകയും ചെയ്തു. ഒരു ഫേസ്ബുക്ക് പരിചയം തന്‍റെ ജീവിതം തന്നെ നരകമാക്കിയതിന്‍റെ ആഘാതത്തിലാണ് ഇപ്പോഴും യുവാവ്. ഭർത്താവിന്‍റെ അറിവോടെയായിരുന്നു പാർവതിയുടെ പ്രണയനാടകം. യുവാവിനെ കടക്കെണിയിലാക്കിയായിരുന്നു പാർവതിയുടെ പണം ചോർത്തൽ.

കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ ബാ​ബു വി​ലാ​സ​ത്തി​ൽ പാ​ർ​വ​തി (31), ഭ​ർ​ത്താ​വ് സു​നി​ൽ ലാ​ൽ (44) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് യുവാവിനെ കബളിപ്പിച്ച കേസിൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏതാനും മാസങ്ങൾക്കുള്ളിലാണ് പതിനൊന്ന് ലക്ഷം രൂപ പാർവതി പഞ്ചാരവാക്കുകൾ പറഞ്ഞു യുവാവിൽനിന്നു കബളിപ്പിച്ചെടുത്തത്. 2020 ഏ​പ്രി​ലി​ലാണ് ഫേസ്ബുക്കിലൂടെ പാർവതിയെ യുവാവ് പരിചയപ്പെട്ടത്.

ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പരിചയം ദൃഢമായി. പിന്നെ പതിയെ പതിയെ യുവാവിനെ പ്രണയത്തിന്‍റെ വഴിയിലേക്ക് അവർ എത്തിച്ചു. യുവാവിനെ വിവാഹം കഴിക്കാൻ താൻ സന്നദ്ധയാണെന്ന കാര്യവും പാർവതി അറിയിച്ചു.

ഇതോടെ യുവാവ് തന്‍റെ വരുതിയിൽ ആയെന്നു മനസിലാക്കിയതോടെയാണ് പണത്തിന്‍റെ ആവശ്യങ്ങൾ യുവാവിനു മുന്നിൽ നിരത്തിത്തുടങ്ങിയത്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ആവശ്യങ്ങൾ എന്ന നിലയിൽ യുവാവ് ചോദിച്ചപ്പോഴൊക്കെ പലപല ആവശ്യങ്ങൾക്കും പണം നൽകിത്തുടങ്ങി.

അങ്ങനെ പലവട്ടമായി പതിനൊന്നു ലക്ഷത്തിലേറെ രൂപ യുവതിക്കു കൈമാറി. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമായിരുന്നു പണം കൈമാറി നൽകിയിരുന്നത്. എന്നാൽ, ഇതിനിടയിൽ ഒരിക്കൽപോലും യുവാവ് യുവതിയുടെ വീടോ വീട്ടുകാരെയോ നേരിട്ടു സന്ദർശിച്ചിരുന്നില്ല. ഇതിനുള്ള സാധ്യതകളൊക്കെ പാർവതി തന്ത്രപരമായി ഒഴിവാക്കി വിട്ടു.

ഇതിനിടെ,സഹതാപം ജനിപ്പിക്കുന്ന പലകഥകളും ഇവർ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. തനിക്കു പത്തുവയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചുപോയെന്നും വസ്തു സംബന്ധമായ കേസിൽ പണം വേണമെന്നുമായിരുന്നു ആദ്യത്തെ ആവശ്യം.

സംശയം തോന്നാതിരുന്ന യുവാവ് പണം നൽകി. പിന്നീട് ചികിത്സയുടെ കാര്യം പറഞ്ഞും മറ്റും പലവട്ടം പണം വാങ്ങിയെടുത്തു. അങ്ങനെ 11,07,975 രൂപ യുവാവിനു നഷ്ടപ്പെട്ടു. ഇതിനിടെ, പാർവതിക്കു യാത്ര ചെയ്യാൻ കാർ ഏർപ്പാട് ചെയ്തുകൊടുത്ത വകയിൽ ഒരു എണ്ണായിരംകൂടി യുവാവ് മുടക്കി.

അങ്ങനെയിരിക്കെ വിവാഹത്തെക്കുറിച്ചു യുവാവ് സംസാരിച്ചുതുടങ്ങി. എന്നാൽ, പല കാരണങ്ങൾ പറഞ്ഞു പാർവതി വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെ യുവാവിനു സംശയംതോന്നി. അങ്ങനെ സംശയം തീർക്കാൻ ഒരു ദിവസം പാർവതിയുടെ പുത്തൂരിലെ വീട്ടിൽ യുവാവ് നേരിട്ടെത്തി.

അപ്പോഴാണ് ഇവർ വിവാഹിതയാണെന്നും ഒരു കുട്ടിയുടെ അമ്മയാണെന്നും യുവാവ് തിരിച്ചറിയുന്നത്. ഭർത്താവ് സുനിൽലാൽ ആണെന്നും ഇയാളുടെ കൂടി അറിവോടെയാണ് തന്നെ കബളിപ്പിച്ചതെന്നും പരാതിക്കാരൻ മനസിലാക്കി.

ഇതോടെ യുവാവ് പന്തളം പോലീസിനെ സമീപിക്കുകയായിരുന്നു. പ​ന്ത​ളം എ​സ്എ​ച്ച്ഒ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ഞ്ജു​മോ​ൾ, സു​ശീ​ൽ കു​മാ​ർ, കൃ​ഷ്ണ​ദാ​സ്, പ്ര​കാ​ശ് എ​ന്നി​വര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദ​ന്പ​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.