റിക്കിന്റെ ആദ്യ വിവാഹമാണ്, എന്റേത് രണ്ടാം വിവാഹവും; അർച്ചന കവി
Friday, October 17, 2025 10:46 AM IST
വരൻ റിക്ക് വർഗീസിനെക്കുറിച്ച് വാചാലയായി നടി അർച്ചന കവി. ഡേറ്റിംഗ് ആപ്പിലൂടെ ടൈം പാസിന് തുടങ്ങിയ ബന്ധമാണിതെന്നും പിന്നീട് അത് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയതാണെന്നും അർച്ചന പറയുന്നു. റിക്കിന്റെ ആദ്യ വിവാഹമാണിത്. നടിയുടെ രണ്ടാം വിവാഹവുമാണിത്.
‘‘മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതോടെ തീര്‍ന്നെന്നും ജീവിതത്തില്‍ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നുമാണ് ആളുകള്‍ കരുതുക. പക്ഷേ അതൊന്നുമല്ല. റിക്ക് വര്‍ഗീസ് എന്ന ഗംഭീര മനുഷ്യനെ ഞാന്‍ കണ്ടെത്തി. ഞാന്‍ പ്രണയത്തിലാണ്.
ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയമാണ്. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. കാടിനു നടുവിലാണ് വീട്. അവിടെ വേറൊരു മനുഷ്യനുമില്ല. ഞാന്‍ ഡേറ്റിംഗിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. ഞങ്ങള്‍ പെട്ടെന്നു കണക്ടായി.
മിണ്ടാന്‍ തുടങ്ങിയത് തന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചായിരുന്നു. തുടക്കത്തില്‍ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു.
എന്നെ പരിചയപ്പെടുന്നവരോട് തുടക്കത്തിൽ തന്നെ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ ഉപയോഗിച്ച സ്ട്രാറ്റജി മോശമായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോള്‍ ഓടും എന്ന് നോക്കാനാണ്.
ചിലപ്പോള്‍ കൂട്ടിപ്പറയുകയും ചെയ്യും. നില്‍ക്കുമോ എന്നറിയണം. മാനസികാരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ അതിനെന്താ എല്ലാവര്ക്കും ഉണ്ടല്ലോ എന്നു പറയും. പക്ഷേ ഒരു പാനിക് അറ്റാക്ക് കാണേണ്ടി വരുമ്പോള്‍ മൂന്നാമത്തെ സെക്കൻഡില്‍ ഓടുന്നത് കാണാന്‍ പറ്റും. അതാണ് സത്യം.
ആളുകള്‍ക്ക് കൂടെ ഉണ്ടാകുമെന്ന് പറയാന്‍ എളുപ്പമാണ്. റിക്കും ഒരുപാട് കാര്യങ്ങള്‍ തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഞാനുണ്ടാകും എന്നൊക്കെ. പക്ഷേ അവന്റെ വാക്കുകളും പ്രവര്‍ത്തിയും മാച്ച് ആകുന്നതായിരുന്നു.
അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അര്‍ച്ചന പറയുന്നു. ഞാനൊരു സ്പോയില് ചൈല്‍ഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. ഞാനും അത് വിശ്വസിച്ചിരുന്നു ഒരു ഘട്ടത്തില്‍.
പക്ഷേ ഒരു മകളെ രാജകുമാരിയെപ്പോലെയാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അതില്‍ ഒരു ചര്‍ച്ചയും വേണ്ടതില്ലെന്ന് പറഞ്ഞ ഏകയാള്‍ റിക്കാണ്. എന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ല.
വിവാഹനിശ്ചയത്തിനു മുമ്പ് ഒരു പ്രോമിസ് റിംഗ് എനിക്കു റിക്ക് സമ്മാനിച്ചിരുന്നു. അതിന്റെ ഒരു ഭാഗത്ത് മാറ്റ് ഫിനിഷായിരുന്നു. മറ്റേ ഭാഗത്ത് ഗ്ലോസി ഫിനിഷുമായിരുന്നു. രണ്ട് പേരുടെയും ഐഡന്റിറ്റി അങ്ങനെ തന്നെ നിലനില്ക്കും എന്നായിരുന്നു അദ്ദേഹം പറയാന്‍ ശ്രമിച്ചത്.
ഈ ബന്ധം സീരിയസ് ആണെന്നു പറയാൻ ഇവിടെ നേരിട്ടു വന്ന് പ്രപ്പോസ് ചെയ്തു. പിന്നീട് എന്നെ ഭാര്യ എന്നാണ് വിളിച്ചിരുന്നത്.’’അർച്ചന കവിയുടെ വാക്കുകൾ.
റിക്കിനെ പരിചയപ്പെടും മുമ്പ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നും ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നുണ്ട്. ആ ബന്ധം എന്തുകൊണ്ട് തകര്‍ന്നുവെന്നും അര്‍ച്ചന പറയുന്നുണ്ട്.
‘‘ഇതിന് തൊട്ടുമുമ്പ് ഞാന്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു. നന്നായി പോവുകയായിരുന്നു. മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. എന്നോട് അവന്റെ പാരന്റ്സിനെ കാണാന്‍ പറഞ്ഞു. അവര്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്.
അതിനാല്‍ ഞാന്‍ ഒറ്റയ്ക്കു പോയി. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ‘ഞങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ്’ എന്നു പറഞ്ഞു. ഞാന്‍ അതൊക്കെ ഡീല്‍ ചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്നമുണ്ടായാല്‍ നമ്മള് ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും.
റിക്കിനോട് ഞാന്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീല്‍ ചെയ്യണ്ട. എന്റെ മാതാപിതാക്കള്‍ എന്റെ ഉത്തരവാദിത്തമാണ്, ഞാന്‍ ഡീല്‍ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവന് നേരത്തെ വിവാഹിതനായിരുന്നില്ല. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷേ അവന്റെ പാരന്റ്സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്.
ഞാനൊരു ഫാമിലി പേഴ്സണ്‍ ആണ്. കുടുംബവും ഞാനും വളരെ ക്ലോസ് ആണ്. സ്വാഭാവികമായും എന്റെ പങ്കാളിയുടെ മാതാപിതാക്കളുമായും ഞാന്‍ അങ്ങനെയായിരിക്കും. റിക്കിന്റെ അച്ഛന് ഭയങ്കര സ്വീറ്റ് ആണ്.
വളരെ നല്ല വ്യക്തികളാണ് അവനെ വളര്‍ത്തിയത്. എന്തുകൊണ്ട് റിക്ക് ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ അത് വേറൊന്നും കൊണ്ടല്ല, വളരെ നല്ല രണ്ട് വ്യക്തികളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ്.’’–അർച്ചന കവി പറയുന്നു.