ടൊവീനോയെ മോഡലെന്ന് വിശേഷിപ്പിച്ചു; ജിസേലിനെതിരെ വിമർശനം, പറഞ്ഞത് തമാശയ്ക്കെന്ന് ജിസേൽ
Friday, October 17, 2025 4:00 PM IST
നടൻ ടൊവീനോ തോമസിനെ "മൈ ജി പോസ്റ്റർ മോഡൽ’ എന്ന് വിശേഷിപ്പിച്ച റിയാലിറ്റി ഷോ താരവും മോഡലുമായ ജിസേലിനെതിരെ ടൊവീനോയുടെ ആരാധകർ.
ടൊവീനോയെ ഒരു മോഡൽ ആയി പരാമർശിച്ചതിനെതിരെയാണ് ജിസേലിനെതിരെ വിമർശനം ശക്തിപ്പെട്ടത്. വിമർശനം ശക്തമായതോടെ താൻ തമാശയായി പറഞ്ഞതാണെന്ന് വിശദീകരിച്ച് ജിസേൽ രംഗത്തെത്തി.
ഒടുവിൽ എന്റെ മൈ ജി പോസ്റ്റർ മോഡലായ ടൊവീനോ തോമസിനെ കണ്ടുമുട്ടി എന്നായിരുന്നു താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജിസേൽ ആദ്യം കുറിച്ചത്.
എന്നാൽ, ടൊവീനോയെ ‘മൈ ജി മോഡൽ’ എന്നു വിശേഷിപ്പിച്ചത് ആരാധകരെ ചൊടിപ്പിച്ചു. ഇതിനെതിരെ വിമർശനങ്ങളുമായി ആരാധകർ രംഗത്തെത്തിയതോടെ ജിസേൽ വിശദീകരണകുറിപ്പ് ഇറക്കി.
തന്റെ ആദ്യത്തെ അടിക്കുറിപ്പ് തമാശയായിരുന്നുവെന്നും ബിഗ് ബോസ്’ഹൗസിലായിരുന്നപ്പോൾ ടൊവീനോയുടെ മൈ ജി പോസ്റ്റർ എല്ലാ ദിവസവും കാണാറുണ്ടായിരുന്നുവെന്നും അതാണ് ഈ പരാമർശത്തിന് കാരണമെന്നും ജിസേൽ വ്യക്തമാക്കി.
ജിസേലിന്റെ വിശദീകരണം
"സുഹൃത്തുക്കളേ, ടൊവീനോ സാറിനൊപ്പമുള്ള എന്റെ ആദ്യത്തെ അടിക്കുറിപ്പ് തമാശയും ആക്ഷേപഹാസ്യവും നിറഞ്ഞതായിരുന്നു. ബിഗ് ബോസ് ഹൗസിൽ വെച്ച് ഞാൻ അദ്ദേഹത്തിന്റെ മൈ ജി പോസ്റ്റർ എല്ലാ ദിവസവും കാണാറുണ്ടായിരുന്നു.
അതുകൊണ്ടാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ, ഓ, ഒടുവിൽ മൈ ജി മോഡലിനെ കണ്ടല്ലോ...' എന്ന് തമാശയായി പറഞ്ഞത്. തീർച്ചയായും അദ്ദേഹം ഒരു മികച്ച നടനാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അഭിനയപാടവത്തെയും നമ്മളെല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് എല്ലാവരും ഒന്നു സമാധാനിക്കൂ.