രാത്രി പത്തരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം പെട്ടിക്കുള്ളിലാക്കി ദേവാലയത്തിനുള്ളിലേക്കു മാറ്റി. ഈ സമയമത്രയും പ്രാർഥനാഗീതങ്ങൾക്കൊപ്പം കണ്ണേ, കരളേ കുഞ്ഞൂഞ്ഞേ എന്ന ഹൃദയഭാദകമായ മുദ്രാവാക്യം മുഴങ്ങുന്നുണ്ടായിരുന്നു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദേവാലയത്തിലെത്തി അന്ത്യോപചാരമർപ്പിച്ചു. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ സമുന്നതരായ കോൺഗ്രസ് നേതാക്കളെല്ലാം അവസാന സമയംവരെയും കൂടെനിന്നു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിഷപ്പുമാർ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ, മന്ത്രിമാര്‍ എന്നിവരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.