നിതീഷ് തുടരുമോ?; തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാമെന്ന് അമിത് ഷാ
Saturday, October 18, 2025 2:47 AM IST
പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടരുമോ? ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. മുഖ്യമന്ത്രിയെ എംഎൽഎമാർ തീരുമാനിക്കുമെന്നായിരുന്നു ഷായുടെ മറുപടി.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബിഹാറിലെത്തിയ ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിയും തെരഞ്ഞെടുപ്പ് ചുമതലയുമുള്ള ധർമേന്ദ്ര പ്രധാൻ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി തുടങ്ങിയവരും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു.
ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എൻഡിഎയിലെ സീറ്റ് വിഭജനത്തിൽ ജെഡി-യുവിനു വലിയ നഷ്ടമുണ്ടായതിൽ നിതീഷ് അതൃപ്തനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഷാ കാണാനെത്തിയത്.
എന്നാൽ, എൻഡിഎ അധികാരത്തിലെത്തിയാൽ നിതീഷ് മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ഷാ വ്യക്തമായ മറുപടി നൽകിയില്ല. നിതീഷിന്റെ നേതൃത്വത്തിലാണു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ താനല്ല മറുപടി പറയേണ്ടത്.
എംഎൽഎമാരാണു മുഖ്യമന്ത്രിയെ തീരുമാനിക്കുക- ഷാ വ്യക്തമാക്കി. ജെഡിയുവിനെക്കാൾ ബിജെപി മികച്ച പ്രകടനം നടത്തിയാൽ നിതീഷ് മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന്, നിലവിൽ ബിജെപിക്കാണു കൂടുതൽ സീറ്റുകൾ. പക്ഷേ ഇപ്പോഴും നിതീഷ് തന്നെയാണു മുഖ്യമന്ത്രിയെന്നായിരുന്നു അമിത് ഷായുടെ മറുപടി.