ഗവേഷണ രസം
സെബിൻ ജോസഫ്
Saturday, October 4, 2025 9:02 PM IST
കോട്ടയം സിഎംഎസ് കോളജിലെ ഗവേഷകർ കഴിഞ്ഞ ഏഴുവർഷംകൊണ്ട് നേടിയത് 43 വിദേശ സ്കോളർഷിപ്പുകൾ... അധികവും ഒരു കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ളത്. ശാസ്ത്രവിഷയങ്ങളിലെ സമഗ്രമായ ഗവേഷണമാണ് ഡോ. വിപിൻ ഐപ് തോമസിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. മെഷീൻ ലേണിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവ അതിനു പിൻബലമാകുന്നു...
ടെസ്റ്റ് ട്യൂബുകൾ, ബീക്കറുകൾ, പിപ്പെറ്റുകൾ, മൈക്രോസ്കോപ്പ്, ബർണർ... ഒപ്പം ഏതൊക്കെയോ രാസപദാർഥങ്ങളുടെ രൂക്ഷഗന്ധം... കെമിസ്ട്രി ലാബ് എന്നുകേട്ടാൽ മനസിൽ തെളിയുന്നത് ഇതൊക്കെയാവും. എന്നാലിതാ, കോട്ടയം സിഎംഎസ് കോളജിലെ തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിലേക്കു വരൂ.., സങ്കല്പങ്ങൾ മാറിമറിയുന്നതു കാണാം- ഒരു രാസസങ്കരം നിറംമാറുന്നതുപോലെ!
വിദേശത്തു പഠനത്തിനു പ്രവേശനം തരപ്പെടുത്താൻ വിദ്യാർഥികൾ തിടുക്കപ്പെടുന്പോൾ ഇവിടെനിന്നുള്ള വിദ്യാർഥികളെയും ഗവേഷകരെയും വിദേശസർവകലാശാലകൾ ലക്ഷങ്ങളും കോടികളും നൽകി കൊത്തിക്കൊണ്ടുപോകുന്നു. സ്കോളർഷിപ്പോടെ അവരുടെ തുടർഗവേഷണം വിദേശരാജ്യങ്ങളിലെ മികച്ച ലാബുകളിൽ സാധ്യമാക്കുന്നു. കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വിപിൻ ഐപ് തോമസ് ഏഴു വർഷമായി നടത്തിവരുന്ന പ്രത്യേക ഗവേഷണപരിശീലനമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ.
ബിരുദതലത്തിൽതന്നെ ഗവേഷണതത്പരരായ വിദ്യാർഥികളെ കണ്ടെത്തി ഡോ. വിപിനു കീഴിൽ ഗവേഷണത്തിന് ഇന്റേണ്ഷിപ് നൽകുന്നു. സിഎംഎസ് കോളജിലെ വിവിധ സയൻസ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളും ഐഐടി, ഐസർ പോലുള്ള രാജ്യത്തെ മികച്ച ഗവേഷണകേന്ദ്രങ്ങളിലെ വിദ്യാർഥികളും മറ്റു യൂണിവേഴ്സിറ്റി വിദ്യാർഥികളും ഈ കൂട്ടായ്മയിലുണ്ട്.
ഗവേഷണകേന്ദ്രം ന്യൂജെൻ
വിവിധ ക്ലൗഡ് നെറ്റ്വർക്കുകളിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളുടെ കൂട്ടമാണ് തിയററ്റിക്കൽ ലാബ് എന്നു പറയാം. ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നീ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ദൈനംദിന വിഷയങ്ങളിലാണ് ഇവിടെ ഗവേഷണം നടത്തുന്നത്.
ലോകത്തിലെ വിവിധ കോണുകളിൽ ഗവേഷകർ കണ്ടെത്തിയ വിവരങ്ങളെ കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ വിശകലനം ചെയ്തും മെഷീൻ ലേണിംഗ്, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുമാണ് ഗവേഷണം മുന്നേറുന്നത്.
1817 ൽ സ്ഥാപിതമായ സിഎംഎസ് കോളജിന്റെ വിദ്യാഭ്യാസ ഗവേഷണ രംഗത്തെ പുതിയ ചുവടുവയ്പാണ് തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ ലാബ്. 2018ലാണ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചത്.സിഎംഎസ് കോളജിൽനിന്നു പ്രീഡിഗ്രിയും രസതന്ത്രത്തിൽ ഡിഗ്രിയും പൂർത്തിയാക്കിയ ഡോ. വിപിൻ, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽനിന്ന് പിജി പൂർത്തിയാക്കി.
ജെആർഎഫ് ഫെലോഷിപ്പോടെ ഐഐടി കാണ്പുരിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചു. ഒന്നരവർഷത്തിനുശേഷം കാനഡ മോണ്ട്രിയോൾ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്താൻ ക്ഷണം. 2012ൽ പിഎച്ച്ഡി പൂർത്തിയാക്കിയ ഇദ്ദേഹം 2014ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ നേടി. കംപ്യൂട്ടേഷണൽ കെമിസ്ട്രിയായിരുന്നു ഗവേഷണമേഖല.
വിദേശ യൂണിവേഴ്സിറ്റികളിൽ ഗവേഷണ സാധ്യതയുണ്ടായിരുന്നിട്ടും 2014 അവസാനത്തോടെ ഡോ. വിപിൻ സിഎംഎസ് കോളജിൽ അധ്യാപകനായി ചേർന്നു. ഇദ്ദേഹത്തിന്റെ കീഴിൽ അഞ്ചുപേർ നിലവിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്നു. മൂന്നുപേർ ഗവേഷണം പൂർത്തിയാക്കി. സയൻസ് വിഷയങ്ങളിൽ ലോകത്ത് എവിടെനിന്നു ലഭിക്കുന്ന അറിവും ഒന്നുതന്നെയാണെന്നു വിശ്വസിക്കുന്ന ഇദ്ദേഹം, ഇന്ത്യയിലെ ഗവേഷണരംഗം മികച്ചതാണെന്ന് പറയുന്നു.
കൃത്യമായ ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങളേ അംഗീകരിക്കപ്പെടുകയുള്ളൂ. ഇതിനായി മികച്ച അന്താരാഷ്ട്ര ജേർണലുകളിൽ നമ്മുടെ പഠനങ്ങൾ പ്രസിദ്ധീകരിക്കണം. തിയററ്റിക്കൽ ലാബിൽ വിദ്യാർഥികൾ നടത്തുന്ന ഗവേഷണങ്ങൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, നേച്ചർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നു.
വർഷം പത്തിനു മുകളിൽ പഠനങ്ങളാണു പ്രസിദ്ധീകരിച്ചുവരുന്നത്. ഇത് അന്താരാഷ്ട്രതലത്തിൽ ലാബിന്റെ പ്രശസ്തി വർധിപ്പിക്കുകയും വിദേശ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് ഗവേഷണത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. അധ്യാപനത്തോടൊപ്പം ഗവേഷണവും മുന്നോട്ടു കൊണ്ടുപോകുന്ന ഡോ. വിപിന് കരുത്തായി തിയററ്റിക്കൽ ഫിസിക്സിൽ അസിസ്റ്റന്റ് പ്രഫസറായ ഭാര്യ ഡോ. ജെസ്ലി ജേക്കബുമുണ്ട്.
ചങ്ങനാശേരി അസംപ്ഷൻ കോളജിൽ അധ്യാപികയായ ജെസ്ലിയും തിയററ്റിക്കൽ ലാബിലേക്കുള്ള ഗവേഷകരെ കണ്ടെത്തിനൽകുന്നുണ്ട്. രാജ്യത്തെ വിഭ്യാഭ്യാസ സംവിധാനം മികച്ചതാണെങ്കിലും ഗവേഷണത്തെ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലുതാണെന്നു ഡോ. വിപിൻ ഐപ് തോമസ് പറയുന്നു.
ശാസ്ത്രവിഷയങ്ങൾ ഒറ്റക്കെട്ട്
ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ ശാസ്ത്രവിഷയങ്ങളെ പ്രാഥമികമായി തരംതിരിക്കാതെ ഇന്റർ ഡിസിപ്ലിനറിയായ ഗവേഷണത്തിനാണ് മുൻതൂക്കം നൽകുന്നത്. അതിനാൽ, നാല് ശാസ്ത്രമേഖലകളിൽനിന്നുള്ള വിദ്യാർഥികളും ലാബിൽ ഗവേഷണം നടത്തുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനം സംബന്ധിച്ചാണ് ഒരാളുടെ പഠനമെങ്കിൽ ഓർഗാനിക് സോളാർ സെല്ലുകളെക്കുറിച്ചാണ് മറ്റൊരാൾ പഠനം നടത്തുന്നത്. മഹാമാരികൾ തടയുന്നതിനും അർബുദത്തിനെ പ്രതിരോധിക്കുന്നതിനുമുള്ള ഗവേഷണവും നടക്കുന്നു.
ജീവന്റെ അടിസ്ഥാനമായ അദൃശ്യ തന്മാത്രകൾ സിദ്ധാന്തത്തിന്റെയും അൽഗോരിതത്തിന്റെയും മുൻഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടുന്നു. നഗ്നനേത്രങ്ങൾക്കു കണ്ടെത്താൻ സാധിക്കാത്ത വിവിധ രാസപ്രവർത്തനങ്ങളും കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്യപ്പെടുന്നത്. രാസപ്രവർത്തനങ്ങളിൽ ഒരു ഉൽപ്രേരകം വഹിക്കുന്ന പങ്കു കണ്ടെത്താൻ ദീർഘമായ ഗവേഷണം ആവശ്യമാണ്.
എന്നാൽ, കംപ്യൂട്ടറിന്റെ സഹായത്തോടെ ആയിരം മടങ്ങ് മികച്ച വിവരം കണ്ടെത്താൻ സാധിക്കും. പരന്പരാഗത പരീക്ഷണങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യങ്ങളും ഇത്തരത്തിൽ വിശകലനം ചെയ്യാം. മെഷീൻ ലേണിംഗ്, ബയോ സെൻസറിംഗ്, വൈറസ് സ്പില്ലോവർ, സോളാർ സെൽസ് എന്നീ മേഖലകളിൽ പഠനം പുരോഗമിക്കുന്നു. മരുന്നുകളെക്കുറിച്ചും എച്ച്1എൻ1, കോവിഡ് പോലുള്ള രോഗങ്ങളെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്.
വിളകളിലെ കീടശല്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഗവേഷണം നടത്തി, ഇവയെ പ്രതിരോധിക്കുന്നതിലൂടെ മികച്ച വിളവ് ഉറപ്പുവരുത്താനും സാധിക്കുന്നു. കെ-മെർ അനാലിസിസ്, സ്പിൽ ഓവർ പ്രഡിക്ഷൻ സ്കോർസ് എന്നിവ ഉപയോഗിച്ചാണ് വൈറസ് വ്യാപനം കണ്ടെത്തുന്നത്. ഏതു വൈറസാണ് മാരക അപകടകാരികൾ എന്നു കണ്ടെത്താൻ ഗവേഷണത്തിലൂടെ സാധിക്കും. സസ്യങ്ങളിൽനിന്നും ജന്തുക്കളിൽനിന്നും മനുഷ്യനിലേക്കുള്ള വൈറസ് വ്യാപനം തടയുന്നതിനും വൈറസ് പ്രജനനം നിയന്ത്രിക്കുന്നതിനും ഇതിലൂടെ സാധിക്കും.
രസതന്ത്രത്തിലെ പച്ചത്തുരുത്ത്
മരുന്നുകൾ, വളങ്ങൾ, ഇന്ധനങ്ങൾ, പ്ലാസ്റ്റിക് എന്നിവയുടെ നിർമാണം രാസപ്രവർത്തനങ്ങളാണല്ലോ.
രാസപ്രവർത്തനങ്ങളുടെ ഗതിവേഗം നിർണയിക്കുന്നത് ഉൽപ്രേരകങ്ങളുടെ (കാറ്റലിസ്റ്റ്) സാന്നിധ്യമാണ്. കാറ്റലിസ്റ്റുകളുടെ അളവ് നിർണയിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനും തിയററ്റിക്കൽ ലാബിലെ മെഷീൻ ലേണിംഗിലൂടെ സാധ്യമാക്കുന്നു. മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷൽ ഇൻലിജൻസിന്റെയും സഹായത്തോട ഗവേഷണം പൂർത്തിയാക്കുന്നതിലൂടെ സമയവും പണച്ചെലവും കുറയ്ക്കാം, കൂടുതൽ കൃത്യത ഉറപ്പാക്കുകയുമാവാം.
ചെലവേറിയ സിലിക്കണ് സോളാർ സെല്ലുകൾക്കു പകരം ഓർഗാനിക് സെല്ലുകൾ കണ്ടെത്തുന്നതിനും വിവിധ നാനോ തന്മാത്രകളെക്കുറിച്ചുമുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ജീവ-ഉൗർജ സംരക്ഷണ ഗവേഷണ മേഖലയിലെ വൻ അവസങ്ങളിലേക്കാണ് തിയററ്റിക്കൽ ലാബ് വഴിതുറക്കുന്നത്.
വ്യവസായ-ഭക്ഷണശാലകളിലെയും അടുക്കളയിലെയും രാസപ്രവർത്തനങ്ങൾ അന്തരീക്ഷത്തിൽ ഹരിതവാതകങ്ങൾ ഉൾപ്പെടെ നിരവധി ഉപദ്രവകാരികളായ സൂക്ഷ്മവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. മനുഷ്യ ജീവന് ഉപദ്രവകാരികളായ ഘടകങ്ങളെ കണ്ടെത്തി, അവയെ ഉന്മൂലനം ചെയ്യാൻ കംപ്യൂട്ടേഷണൽ കെമിസ്ട്രി ഗവേഷണത്തിലൂടെ സാധ്യമാകും.
ഇത്തരത്തിൽ മനുഷ്യരാശിയുടെ മുന്നോട്ടുള്ള ചലനത്തെ ത്വരിതപ്പെടുത്തുന്ന ഗവേഷണങ്ങളാണ് ഡോ. വിപിനും സംഘവും നടത്തിവരുന്നത്. യുഎസ്, കാനഡ, ജർമനി, സിറ്റ്സർലൻഡ്, അയർലൻഡ്, ഡെൻമാക്ക്, സൗദി അറേബ്യ, ബ്രിട്ടൻ, സ്പെയിൻ രാജ്യങ്ങളിലെ മികച്ച പരീക്ഷണശാലകൾ വിപിന്റെയും സംഘത്തിന്റെയും ഗവേഷണത്തെ നിരീക്ഷിക്കുകയും ഗവേഷണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു.
43 വിദേശ സ്കോളർഷിപ്പുകൾ
2018ൽ പ്രവർത്തനം തുടങ്ങിയ തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിലെ ഗവേഷകർക്ക് ഏഴുവർഷംകൊണ്ടു ലഭിച്ചത് 43 വിദേശ സ്കോളർഷിപ്പുകളാണ്.
ബിരുദാനന്തരബിരുദം, ഡോക്ടറൽ ഗവേഷണം എന്നിവ നടത്തുന്നതിനുള്ള ഒരു കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ള സ്കോളർഷിപ്പുകളാണ് അധികവും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ആകമാനം അഭിമാനിക്കാവുന്ന നേട്ടമാണ് വിപിനും ഗവേഷകരും സിഎംഎസ് കോളജിൽ സാധ്യമാക്കിയിരിക്കുന്നത്. നേട്ടങ്ങൾക്കുപിന്നിൽ മാനേജർ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാന്റെയും പ്രിൻസിപ്പൽ ഡോ. അഞ്ജു സോസൻ ജോർജിന്റെയും പൂർണപിന്തുണയുണ്ട്.
കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ പഠനത്തിനെത്തിയ വിദ്യാർഥികളിൽനിന്നാണ് ഗവേഷണ താത്പര്യമുള്ളവരെ ആദ്യം കണ്ടെത്തിയത്. പിന്നീട്, ഇതു കോളജിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ഐഐടി, ഐസർ, വിവിധ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽനിന്നും ഗവേഷകർ എത്തുന്നു. അക്കാഡമിക് രംഗത്ത് മികവു പുലർത്തുന്ന വിദ്യാർഥികളിൽ ഗവേഷണ താത്പര്യം കണ്ടെത്തുക ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് ഡോ. വിപിൻ പറഞ്ഞു. കോളജിലെ മറ്റു ഡിപ്പാർട്ട്മെന്റുകളിലെ അധ്യാപകർ മികച്ച ഗവേഷകരെ കണ്ടെത്തുന്നതിന് സഹായം നൽകുന്നു.
വിദ്യാർഥികളുടെ പരീക്ഷാ ഉത്തരക്കടലാസുകളിലെ എഴുത്തിന്റെ ശൈലിയും തിയറി ക്ലാസിലെ സംശയങ്ങളും ജൂണിയർ ഗവേഷകരെ കണ്ടെത്താൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഗ്രി അല്ലെങ്കിൽ പിജി പഠനത്തിനുശേഷം തിയററ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ റിസർച്ച് ലാബിൽ ഇന്റേണ്ഷിപ്പിന് എത്തുന്നവർക്ക് പ്രത്യേക സാന്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല.
സ്വന്തം കൈയിൽനിന്നാണ് വിദ്യാർഥികൾ ഗവേഷണച്ചെലവ് കണ്ടെത്തുന്നത്. അതാനാൽ വളരെ ചെലവുചുരുക്കിയാണ് ഗവേഷണം പൂർത്തിയാക്കുന്നത്. എംഎസ്സി, പിഎച്ച്ഡി എന്നിവയ്ക്കായി 25 ഗവേഷകരാണ് ലാബിൽ നിലവിൽ ഉള്ളത്. ഇവരിൽ നാലുപേർക്ക് വിദേശ സ്കോളർഷിപ് ലഭിച്ചുകഴിഞ്ഞു. ഗവേഷണം പൂർത്തിയാക്കിയവരിൽ 15 പേർ കെമിസ്ട്രി അധ്യാപകരായി വിവിധ കോളജുകളിൽ ജോലിചെയ്യുന്നു.
വിദേശരാജ്യത്തെ ഗവേഷണത്തിനുശേഷം ബിസിനസ് ആശയവുമായി മുന്നോട്ടുപോകുന്നവരുണ്ട്. ഇവരെ സഹായിക്കാൻ വിദേശനിക്ഷേപകരുമെത്തുന്നു. വിദേശരാജ്യത്തെ പഠനത്തിനുശേഷം തിരിച്ച് ഇന്ത്യയിലെത്തി അധ്യാപനം നടത്തുന്ന ഡോ. വിപിനെ പോലുള്ള ഗവേഷകർ ശാസ്ത്രലോകത്തെ ഉന്നത പുരസ്കാരങ്ങൾ ഇന്ത്യയിലെത്തിക്കുന്നകാലം വിദൂരമല്ല.