ബിഹാർ ഉപമുഖ്യമന്ത്രിയുടെ പ്രായവും യോഗ്യതയും വിവാദത്തിൽ
Saturday, October 18, 2025 2:47 AM IST
പാറ്റ്ന: ബിഹാർ ഉപമുഖ്യമന്ത്രിക്ക് 10 കോടി രൂപയുടെ ആസ്തി. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്ത് വെളിപ്പെടുത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താരാപുർ മണ്ഡലത്തിൽനിന്നു ബിജെപി ടിക്കറ്റിലാണ് സമ്രാട്ട് ചൗധരി മത്സരിക്കുന്നത്.
സത്യവാങ്മൂലത്തിൽ നൽകിയ പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെറ്റാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തനിക്കെതിരായി രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൗധരിയുടെ ഭാര്യ കുമാരി മംമതയ്ക്ക് 27.89 ലക്ഷം രൂപയുടെ ജംഗമവസ്തുക്കളും 1.80 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ 23 പേജുള്ള സത്യവാങ്മൂലത്തിൽ ഉപമുഖ്യമന്ത്രിയുടെ കൃത്യമായ ജനനത്തീയതിയും വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തിയിട്ടില്ല.
ബിജെപി നേതാവ് 1995ൽ താരാപൂരിൽ ഏഴ് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽനിന്ന് രക്ഷപ്പെട്ടത് വ്യാജ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്തയാളെന്നു ചൂണ്ടിക്കാട്ടിയാണ് കേസിൽനിന്ന് ഊരിയത്. ഈ വ്യാജ ജനന സർട്ടിഫിക്കറ്റാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ചേർത്തിരിക്കുന്നതെന്ന് പറയുന്നു. ചൗധരി പത്താം ക്ലാസ് പാസായിട്ടില്ലെന്നും ആരോപണമുണ്ട്.
എന്നാൽ ഏറ്റവും ഉയർന്ന യോഗ്യതയായി ഉപമുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പറയുന്നത് "കാമരാജ് യൂണിവേഴ്സിറ്റി'യിൽനിന്ന് ലഭിച്ച "പിഎഫ്സി' യാണ്.