വീണ്ടും തീപ്പെട്ടിക്കന്പനിജ്യേഷ്ഠൻ സ്റ്റാൻസിലാവോസിന്റെ തീപ്പെട്ടിക്കന്പനിയിൽ സഹായിക്കാൻ കടുത്ത പനിയുമായിട്ടാണ് ഇന്നസെന്റ് പുറപ്പെട്ടത്. ട്രെയിനിൽ കയറിയയുടൻ ബോധരഹിതനായ ഇന്നസെന്റിനെ ആരും തിരിഞ്ഞുനോക്കിയില്ല.
മാന്യമായി വേഷം ധരിച്ചവരൊക്കെ അവഗണിച്ചപ്പോൾ ഒരു വേശ്യയാണ് ആകെയുണ്ടായിരുന്ന ഷാൾ പുതപ്പിച്ചു തിരക്കേറിയ ട്രെയിനിൽ കിടക്കാൻ സ്ഥലമുണ്ടാക്കിയത്. സമൂഹത്തിന്റെ കണക്കുകൂട്ടലുകളും കാഴ്ചപ്പാടുകളും തെറ്റാണെന്നു വീണ്ടും തിരിച്ചറിയുകയായിരുന്നു താനെന്നാണ് അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.
ചേട്ടൻ നാട്ടിലേക്കു മടങ്ങിയതോടെ തീപ്പെട്ടിക്കന്പനി നടത്തിപ്പ് ഇന്നസെന്റിനായി. താമസിയാതെ അതും പൂട്ടി. പിന്നാലെ വിവാഹം കഴിഞ്ഞതോടെ ഡൽഹിയിലും ബോംബെയിലും ചെന്നു ചെരുപ്പ്, ലേഡീസ് ബാഗ് തുടങ്ങിയ സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നാട്ടിൽ കൊണ്ടുവന്നു വിൽക്കുന്ന പരിപാടി തുടങ്ങി.
അതും പൊളിഞ്ഞതോടെയാണ് ഇരിങ്ങാലക്കുട മുനിസിപ്പൽ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ ‘വിടപറയും മുന്പേ’യും ‘ഇളക്കങ്ങളും’ നിർമിച്ചു. സാന്പത്തികമായി പരാജയപ്പെട്ടെങ്കിലും ’ഇളക്കങ്ങ’ളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്തു.
താരമാക്കിയത് ‘മാന്നാർ മത്തായി’ നിർമിച്ച സിനിമകളെല്ലാം പൊട്ടി ഇരിങ്ങാലക്കുടയിൽ വന്നപ്പോഴാണു ശ്രീനിവാസനൊപ്പം തിരക്കഥാ രചനയിലേക്കു കടന്നത്. അതും പൊളിഞ്ഞു നിൽക്കുന്പോഴാണു കെ.എസ്. സേതുമാധവൻ ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയെടുത്തത്.
വേഷം ലഭിച്ചു. അഭിയിക്കാനുള്ള സീൻ എഴുതിയുണ്ടാക്കിയതും ഇന്നസെന്റാണ്. പടം ഓടിയില്ലെങ്കിലും വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടു ശ്രീനിവാസന്റെ ശിപാർശയിൽ പ്രിയദർശന്റെ ‘പുന്നാരം ചൊല്ലിച്ചൊല്ലി’ എന്ന സിനിമയിൽ. ആ സംഘത്തിലും അംഗമായെങ്കിലും ജീവിതം മുടന്തുകയായിരുന്നു.
അക്കാലത്താണ് ‘റാംജി റാവു സ്പീക്കിംഗ്’ എന്ന സിനിമയിൽ അഭിനയിക്കാൻ സിദ്ദിഖ് ലാൽ വിളിക്കുന്നത്. ഇരുപതിനായിരം രുപയാണു പ്രതിഫലം. അതിൽ മാന്നാർ മത്തായി എന്ന റോൾ അഭിനയിച്ചു തീർത്തു. ഡബ്ബിംഗ് കഴിഞ്ഞപ്പോൾ 5000 രൂപകൂടി അധികമായി നൽകി.
സിനിമ റിലീസായി. ജീവിതം സാധാരണ നിലയിൽ തുടർന്നു. ഒരു ദിവസം മകന് ഉച്ചഭക്ഷണവുമായി ഡോണ്ബോസ്കോ സ്കൂളിലെത്തി. അവനു ഭക്ഷണം കൊടുക്കുന്പോൾ പറഞ്ഞു ‘അപ്പച്ചൻ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിറച്ചും തമാശയാണ്...’. ‘എനിക്കതു കാണണം’ ഉൗണുകഴിക്കുന്നതിനിടെ മകൻ പറഞ്ഞു.
അന്നു വൈകുന്നേരം ആലീസും മകനുമൊപ്പം തൃശൂരിലെ തിയറ്ററിലെത്തി. സിനിമ തുടങ്ങിയതോടെ ഹാൾ ഫുട്ബോൾ ഗാലറിപോലെയായി. ആളുകൾ സീറ്റിൽ കയറിനിന്നുവരെ ചിരിക്കുന്നു. ചിരിയുടെ തിരമാലകൾക്കിടയിൽ ഇന്നസെന്റ് മാത്രം ആരുമറിയാതെ കരഞ്ഞു.
‘ഇതിനാണല്ലോ ദൈവമേ, ഞാൻ ഇത്രനാൾ അലഞ്ഞത്. പട്ടിണികിടന്നത്. ഭ്രാന്തിന്റെ വക്കോളം എത്തിയത്. ഉടുതുണിക്കു മറുതുണിയില്ലാതെ ഒളിച്ചിരുന്നത്...’ കണ്ണുനിറഞ്ഞു തിരശീലയിലെ കാഴ്ച മറഞ്ഞപ്പോൾ ഇന്നസെന്റ് ജീവിതമെന്തെന്ന് ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞു.
പുറത്തിറങ്ങിയപ്പോൾ തിയറ്റർ മുറ്റത്തെ കാഴ്ച മറ്റൊന്നായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയവരും കാണാനെത്തിയവരും ഒന്നും മിണ്ടാതെ ഇന്നസെന്റിനെ നോക്കി നിൽക്കുന്നു.
അല്പം കഴിഞ്ഞ് അവർക്കിടയിലൂടെ കാറിൽ കയറി. കാർ നീങ്ങിത്തുടങ്ങിയപ്പോൾ അതുവരെ ഒന്നും മിണ്ടാതെനിന്ന ജനം ‘ഇന്നസെന്റേട്ടാ’ എന്ന് ആർത്തുവിളിച്ചു. ഇന്നസെന്റ് എന്ന നടന്റെ ഉദയം ഈ സിനിമയിലൂടെയായിരുന്നു.
സി.എസ്. ദീപു