അടച്ചിട്ട വെറുമൊരു മുറിയല്ല ഐസിയു
Saturday, October 18, 2025 12:00 AM IST
സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും തീവ്രപരിചരണ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള റിപ്പോർട്ട് നൽകാത്തവരിൽ കേരളവുമുണ്ട്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ.
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും.
പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്.
സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം കാരണംകാണിക്കൽ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി നടപടിയെടുത്താലും ഇല്ലെങ്കിലും, ആരോഗ്യരംഗത്തു മുന്നിലുള്ള കേരളത്തെയും ഈ അപമാന പട്ടികയിൽ കയറ്റിയ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാനം നടപടിയെടുക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ പ്രതികരണവും പ്രധാനമാണ്.
ഐസിയു കേവലം അടച്ചിട്ട മുറിയല്ല. അതിനുള്ളിൽ ഗുരുതരാവസ്ഥയിലുള്ളതും മരണത്തോടു മല്ലടിക്കുന്നവരുമായ രോഗികളാണ്. പുറത്തു നല്ല വാർത്തകൾക്കായി ഊണും ഉറക്കവുമിളച്ചു കാത്തിരിക്കുന്ന ബന്ധുക്കളുമുണ്ട്. കൂട്ടിരിപ്പുകാർക്കു പോലും പ്രവേശനമില്ലാത്ത ഐസിയുവിന്റെ സംവിധാനങ്ങൾ ഡോക്ടർമാർക്കു മാത്രമല്ല, രോഗികൾക്കും സുരക്ഷിതമായിരിക്കണം. അന്നന്നു ഡ്യൂട്ടിയിലുള്ളവരുടെ മനോധർമം അനുസരിച്ചല്ല, കർശന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തനം.
ഐസിയുവിൽ പ്രവേശിപ്പിക്കൽ, ചികിത്സാച്ചെലവ്, വാർഡിലേക്കു മാറ്റൽ; ശുചിത്വനിലവാരം, ആധുനിക സംവിധാനങ്ങൾ, ചികിത്സയുടെ നടപടിക്രമങ്ങൾ, രോഗികൾക്കുള്ള പരിഗണന; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ യോഗ്യത, പുറത്തു കൂട്ടിരിപ്പുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിവരം കൈമാറൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതാണ്.
എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് അൻഡ് ഹെൽത് കെയർ പ്രൊവൈഡേഴ്സ്), ഐപിഎച്ച്എസ് (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ്) എന്നീ അംഗീകാരങ്ങളുള്ള ആശുപത്രികൾ അതിന്റേതായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാകാം. പക്ഷേ, ഒരു സർട്ടിഫിക്കറ്റിൽ ആരോഗ്യരംഗം സുരക്ഷിതമാണെന്നു കരുതാനാകില്ല. അതുപോലെ, രണ്ടുമുറി നഴ്സിംഗ് ഹോമിലെ ഒറ്റമുറിയിൽ ഒന്നോ രണ്ടോ മോണിറ്ററുകൾ സ്ഥാപിച്ച് അതിനെ ഐസിയു എന്നു വിളിക്കുന്ന ആയിരക്കണക്കിന് ഉദാഹരണങ്ങളുമുണ്ട്.
രോഗികൾക്ക് നിശ്ചിത ചികിത്സ ലഭിക്കാനും ഐസിയുവിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാനും രോഗികളുടെ ബന്ധുക്കൾക്കു സംശയമേതുമില്ലാതിരിക്കാനുമുള്ള നടപടിക്രമങ്ങൾ കാലാനുസൃതമായി ഉണ്ടാകേണ്ടതാണ്. കഴിഞ്ഞദിവസം, താമരശേരിയിൽ ഒന്പതു വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമല്ലെന്നും ചികിത്സയിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചതു വിവാദമായിരുന്നു.
ആശുപത്രി അധികൃതരുടെ റിപ്പോർട്ട് മസ്തിഷ്കജ്വരമാണെന്ന് ആയിരുന്നെങ്കിലും ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നത്, ഇന്ഫ്ളുവന്സ എ അണുബാധ മൂലമുള്ള വൈറല് ന്യുമോണിയ മൂലമാണ് കുട്ടി മരിച്ചതെന്നാണ്. ഐസിയുകൾ അണുമുക്തമാണോ? ചികിത്സകർ ശുചിത്വ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ? യന്ത്രങ്ങൾ പ്രവർത്തനസജ്ജമാണോ? തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. ശസ്ത്രക്രിയ കഴിഞ്ഞെത്തിയ രോഗിയെ ആശുപത്രി ജീവനക്കാർതന്നെ ലൈംഗികമായി ദുരുപയോഗിച്ച സംഭവങ്ങളുമുണ്ട്.
ആശുപത്രി ജീവനക്കാരെ ആക്രമിച്ച സംഭവങ്ങളിൽ നടപടിയുണ്ടാകുമെങ്കിലും രോഗിയുടെ ദുരൂഹമായ മരണങ്ങൾ പലപ്പോഴും ഡോക്ടർമാരുടെ നേതൃത്വത്തിൽ തയാറാക്കുന്ന റിപ്പോർട്ടുകളിൽ ഒതുങ്ങും. ഒട്ടുമുക്കാലും ചികിത്സാപ്പിഴവില്ലെന്ന വിശദീകരണം മാത്രമായിരിക്കും. ഐസിയുവിൽ സിസിടിവി സാധ്യമല്ലെങ്കിൽ പഴുതടച്ച മേൽനോട്ട ക്രമീകരണമുണ്ടാകണം.
ഐസിയു ചികിത്സയുടെ സാന്പത്തികവശവും നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾ ഐസിയുവിൽ കിടക്ക കാലിയാകുന്നതിനനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കുന്നതും അപൂർവമല്ല. ആതുരസേവനം ലാഭസാധ്യതകൾ തുറക്കുകയും കൂടുതൽ കച്ചവടക്കാർ അതിലേക്ക് ആവേശപൂർവം എത്തുകയും ചെയ്യുന്നതിനാൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഐസിയുവിൽ രോഗിക്കായിരിക്കണം ഒന്നാം സ്ഥാനം.
ഇന്നത്തെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി നടത്തിപ്പുകാരും ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും നാളത്തെ രോഗികളാകാമെന്നതും മറക്കരുത്. ഈ റിപ്പോർട്ടിനുവേണ്ടി സുപ്രീംകോടതി ഇനിയും വടിയെടുക്കാൻ ഇടയാകരുത്.