ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്: സായ് പ്രണീത് സെമിയിൽ പുറത്ത്
Saturday, August 24, 2019 5:51 PM IST
ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ ബി.സായ് പ്രണീത് പുറത്തായി. സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ജപ്പാന്‍റെ കെന്‍റോ മൊമോറ്റയോടാണ് പ്രണീത് തോറ്റത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു തോൽവി. സ്കോർ: 13-21, 8-21.

36 വർഷത്തിന് ശേഷമാണ് ഒരു പുരുഷ ഇന്ത്യൻ താരം ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ സെമിഫൈനലിൽ കളിച്ചത്. സെമിയിൽ തോറ്റെങ്കിലും സായ് പ്രണീതിന് വെങ്കല മെഡൽ ലഭിക്കും.

ജാപ്പനീസ് താരത്തിന്‍റെ വേഗത്തിന് മുന്നിൽ സായ് പ്രണീതിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ ആദ്യ രണ്ടു പോയിന്‍റുകൾ നേടി മികച്ച തുടക്കമൊക്കെ ലഭിച്ചെങ്കിലും മൊമോറ്റ താളം കണ്ടെത്തിയതോടെ സായ് പ്രണീതിന് മറുപടിയുണ്ടായില്ല. ജപ്പാൻ ഓപ്പണിന്‍റെ സെമിയിലും സായ് പ്രണീത് ജാപ്പനീസ് താരത്തോട് തോൽവി ഏറ്റുവാങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.