എന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കാൻ എനിക്കൊപ്പമുള്ള മകൾ; അഹാനയുടെ ജന്മദിനത്തിൽ സിന്ധു കൃഷ്ണ
Tuesday, October 14, 2025 10:24 AM IST
മകൾ അഹാന കൃഷ്ണയ്ക്ക് മുപ്പതാം പിറന്നാൾ ആശംസിച്ചുകൊണ്ട് അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മകളുടെ രൂപത്തിൽ വന്ന ഫെയറി ഗോഡ് മദർ എന്നാണ് സിന്ധു കൃഷ്ണ അഹാനയെ വിശേഷിപ്പിച്ചത്.
എല്ലാ അമ്മമാരും തങ്ങളുടെ ജീവിതത്തിൽ ഒരു അമ്മുവിനെ ലഭിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കേട്ടിട്ടുണ്ടെന്നും എന്റെ ജീവിതത്തിന്റെ ഭാഗമായ നിനക്ക് എല്ലാ നൻമകളും നേരുന്നുവെന്നുമാണ് സിന്ധു പറഞ്ഞത്.
‘‘എന്നിൽ നിന്നും പുറത്തേക്ക് വളർന്ന എന്റെ തന്നെ ഒരു ഭാഗം, എന്റെ കൂട്ടുകാരിയായും, ഏറ്റവും അടുത്ത സുഹൃത്തായും, സംരക്ഷകയായും, അവളേക്കാൾ മുൻപ് എന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്ന ഒരാളായും ശക്തമായി നിലകൊണ്ടിട്ട് മൂന്ന് പതിറ്റാണ്ടുകൾ.
നീ എന്റെ ജീവിതത്തിലേക്ക് വളരെ നേരത്തെ വന്നു. പക്ഷേ, എന്റെ ദാമ്പത്യ യാത്രയിലെ ഏറ്റവും മികച്ച ഭാഗം അതായിരുന്നു. എന്നെ ശ്രദ്ധിക്കാനും എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ കഠിനമായി പരിശ്രമിക്കാനുമായി ഒരു മകളുടെ രൂപത്തിൽ എനിക്കൊരു ഫെയറി ഗോഡ് മദർ വേണമെന്ന് വിധി ആഗ്രഹിച്ചു.
എനിക്കെന്നും പിന്തുണ നൽകുന്ന ശക്തയായ മകളായും, കൊച്ചുമകളായും, ചേച്ചിയായും നിലകൊണ്ടതിന് അമ്മുവിന് നന്ദി. എല്ലാ അമ്മമാരും തങ്ങളുടെ ജീവിതത്തിൽ ഒരു അമ്മുവിനെ ലഭിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കേട്ടിട്ടുണ്ട്.
നീ എപ്പോഴും ചെയ്യുന്നതുപോലെ സന്തോഷവതിയായിരിക്കുക, ആരോഗ്യത്തോടെ ഇരിക്കുക, പോസിറ്റിവിറ്റി പരത്തുക. എന്നെ സന്തോഷവതിയാക്കാൻ നീ ഒരുക്കിയെടുത്ത എല്ലാ ചെറിയ കാര്യങ്ങൾക്കും നന്ദി.
എന്റെ എല്ലാ ബക്കറ്റ് ലിസ്റ്റുകളും പൂർത്തിയായി. ഇനി കാത്തിരിക്കുന്നത് ജീവിതം നൽകുന്ന സൗമ്യമായ ബോണസ് മാത്രമാണ്. നിന്നോടൊപ്പം കൂടുതൽ നല്ല ഓർമകൾ സൃഷ്ടിക്കാൻ ഞാൻ കാത്തിരിക്കുന്നു. ഹാപ്പി ബർത്ത്ഡേ അമ്മുക്കുട്ടി.’’–സിന്ധു കൃഷ്ണ കുറിച്ചു.