തിരക്കിനിടയിൽ നവ്യയെ സ്പർശിക്കാൻ വന്നു, സംയമനം പാലിച്ച് നടി; സമയോചിതമായി ഇടപെട്ട് സൗബിൻ
Monday, October 13, 2025 2:22 PM IST
പാതിരാത്രി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിൽ എത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമിച്ച ആളെ തടഞ്ഞ് നടൻ സൗബിൻ ഷാഹിർ. ശനിയാഴ്ച വൈകുന്നേരം മാളിൽ നടന്ന പ്രമോഷൻ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
താരങ്ങളെ കാണാനായി വലിയ തിരക്കായിരുന്നു മാളിൽ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാൾ നവ്യ നായരെ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിൻ സാഹിർ ഉടൻ തന്നെ തടയുകയും നവ്യയെ സുരക്ഷിതമാക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി തനിക്ക് നേരെ അതിക്രമം ഉണ്ടായപ്പോൾ രൂക്ഷമായ ഒരു നോട്ടത്തോടെയാണ് നവ്യ നായർ പ്രതികരിച്ചത്. നടി ആൻ അഗസ്റ്റിനും പ്രമോഷൻ പരിപാടിക്കായി താരങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
പൊതുപരിപാടികൾക്ക് എത്തുന്ന സിനിമാ താരങ്ങൾക്ക് നേരെ, പ്രത്യേകിച്ച് നടിമാർക്ക് നേരെ, മോശം അനുഭവങ്ങൾ ഉണ്ടാകുന്നത് സമീപകാലത്ത് പതിവായി മാറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ ഒപ്പമുണ്ടെങ്കിൽ പോലും ചെറിയൊരു ഇടവേള കിട്ടുമ്പോൾ താരങ്ങളെ സ്പർശിക്കാനോ ശല്യപ്പെടുത്താനോ ചിലർ ശ്രമിക്കാറുണ്ട്.