ചെമ്പിച്ച മുടിയും ചുണ്ടിൽ എരിയുന്ന ചുരുട്ടും; കാട്ടാളൻ ഫസ്റ്റ്ലുക്ക്
Monday, October 13, 2025 1:15 PM IST
ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആന്റണി വർഗീസിന്റെ സ്റ്റൈലിഷ് വൈൽഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്.
കരിയറിലെ തന്നെ ഏറ്റവും വേറിട്ട ഗെറ്റപ്പിലാണ് ആന്റണി വർഗീസിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെമ്പിച്ച മുടിയും ചുണ്ടിൽ എരിയുന്ന ചുരുട്ടും കത്തുന്ന കണ്ണുകളുമായി ആന്റണി വർഗീസ് കഥാപാത്രം ചിത്രത്തിന്റെ ത്രില്ലിംഗ് മാസ് മൂഡ് പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നുണ്ട്.
മാർക്കോ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണ് കാട്ടാളൻ.
പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന കാട്ടാളൻ മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ഓംഗ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും ടീമിന്റെയും നേതൃത്വത്തിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഓംഗ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിനിടയിൽ ആന്റണി വർഗീസിന് പരിക്കേറ്റത് വാർത്തയായിരുന്നു. തായ്ലൻഡിൽ വച്ച് നടന്ന സംഘട്ടന ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.